ഗുജറാത്തില്‍ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍; സ്ഥാനാര്‍ത്ഥികളില്‍ പലരും ക്രിമിനല്‍ കേസ് പ്രതികള്‍

ജോളി ജോളി

ഗുജറാത്തില്‍ പലയിടത്തും മാറ്റുരയ്ക്കുന്നത് കോടീശ്വരന്മാര്‍ തമ്മില്‍.സ്ഥാനാര്‍ത്ഥികളില്‍ പലരും ക്രിമിനല്‍ കേസ് പ്രതികള്‍….
പണത്തൂക്കത്തില്‍ മുന്നിലെങ്കിലും വിദ്യാഭ്യാസത്തില്‍ ബഹുദൂരം പിന്നിൽ.മത്സരിക്കുന്നവരില്‍ 71 ശതമാനം പേര്‍ക്കുമുള്ളത് വെറും സ്കൂള്‍ വിദ്യാഭ്യാസം മാത്രം.കൊലപാതകികളും ബലാത്സംഗികളും അടക്കം ഗുരുതര കുറ്റം ചെയ്ത 78 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്… !!

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 923 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം പരിശോധിച്ചതില്‍ 137 പേരും ക്രിമിനല്‍ കേസുള്ളവര്‍.ഇതില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം തുടങ്ങിയ ഗുരുതര കുറ്റം ചെയ്ത 78 പേരുണ്ട്.ഗുജറാത്ത് നിയമസഭയിലേക്ക് മത്സരിക്കുന്ന ബിജെപി. സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 10.7 കോടി രൂപ.കോണ്‍ഗ്രസുകാരുടേത് 8.46 കോടി രൂപ.പക്ഷേ, മത്സരിക്കുന്നവരില്‍ 71 ശതമാനം പേരും സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്.

വരണാധികാരികള്‍ക്ക് നല്‍കിയ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

ബിജെപിയുടെ 89 സ്ഥാനാര്‍ത്ഥികളില്‍ 10,
കോണ്‍ഗ്രസിന്റെ 20,
ബിഎസ്പിയുടെ എട്ട്,
എന്‍സിപിയുടെ മൂന്ന്,
ആം ആദ്മി പാര്‍ട്ടിയുടെ ഒരാൾ എന്നിങ്ങനെ ഗുരുതര കുറ്റം ചെയ്തവരാണ്.സന്നദ്ധസംഘടനകളായ അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ്, ഗുജറാത്ത് ഇലക്ഷന്‍ വാച്ച്‌ എന്നിവയാണു സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചത്.സ്വതന്ത്രരടക്കം 923 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളാണ് ക്രോഡീകരിച്ചത്.
ഇതില്‍ 673 പേര്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂ.
2012-ല്‍ 68 ശതമാനം സ്ഥാനാര്‍ത്ഥികളാണ് സ്കൂളിനപ്പുറം പോകാത്തവരായി ഉണ്ടായിരുന്നത്.ഇത്തവണ എണ്ണം കൂടി.
ജാതി, മത പരിഗണനകളും വിജയസാധ്യതയും മാത്രം പരിഗണിക്കുന്നതിനാലാണ് വിദ്യാഭ്യാസം ഒരു മാനദണ്ഡമാകാത്തത് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐ.ഐ.എം. മുന്‍ പ്രൊഫസര്‍ ജഗദീപ് ഛോക്കറിന്റെ നേതൃത്വത്തിലുള്ള സംഘം കരുതുന്നു.
രാജ്കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് എതിരേ മത്സരിക്കുന്ന ഇന്ദ്രനീല്‍ രാജ്യഗുരുവാണ് ഏറ്റവും ധനികന്‍ 141 കോടി രൂപയാണ് ഈ കോണ്‍ഗ്രസുകാരന്റെ സ്വത്ത്.
ശതകോടീശ്വരന്മാര്‍ നാലു പേര്‍ മത്സരിക്കാനുണ്ട്.
സ്ത്രീകള്‍ക്ക് സീറ്റുകൊടുക്കുന്ന കാര്യത്തില്‍ എല്ലാവരും ദരിദ്രരാണ്.ആകെ 57 സ്ത്രീകള്‍ മത്സരിക്കുന്നു.
കോണ്‍ഗ്രസില്‍ അഞ്ച് ശതമാനവും ബിജെപി.യില്‍ ഏഴ് ശതമാനവും മാത്രമാണ് വനിതകള്‍.സാക്ഷരതയുടെ കാര്യത്തില്‍ 2011-ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് രാജ്യത്ത് 18-ാം സ്ഥാനത്തുമാണ്.79.13 ശതമാനം.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മോദിയോടുള്ള ചോദ്യവും ട്വിറ്ററില്‍ വന്നു. എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ വിഹിതത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് 26-ാം സ്ഥാനത്തായത്.സ്ഥാനാര്‍ത്ഥികളില്‍ 15 ശതമാനം ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.
ഇതില്‍ 51 കോണ്‍ഗ്രസുകാരും 32 ബിജെപി.ക്കാരും ഉള്‍പ്പെടും.
നര്‍മദയിലെ ദഡിയാപാദയില്‍ മത്സരിക്കുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രതിനിധി മഹേഷ് വസാവയ്ക്ക് കൊലക്കുറ്റമടക്കം 24 കേസുകളുണ്ട്.ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും സ്റ്റേ ചെയ്തിരിക്കുന്നു.

ഇതേപാര്‍ട്ടിയുടെ സൂറത്തിലെ മാംഗ്രോള്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഉത്തം വസവ ജയിലില്‍നിന്നാണ് മത്സരിക്കുന്നത്.ബിജെപി.ക്കാരെ ആക്രമിച്ചകേസില്‍ പ്രതിയായ ഇദ്ദേഹത്തെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരണമാണ് അകത്തിട്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഗാന്ധിധാമിലെ സ്ഥാനാര്‍ത്ഥി കിഷോര്‍ പിംഗോളിനെതിരേ പീഡനക്കേസാണുള്ളത്.
രാജ്കോട്ടിലെ ഗോണ്ടാളിലെ ബിജെപി. സ്ഥാനാര്‍ത്ഥി ഗീതാബെന്നിനെതിരേ കേസില്ല. പക്ഷേ, ഭര്‍ത്താവും സിറ്റിങ് എംഎ‍ല്‍എ.യുമായ ജയരാജ്സിങ് ജഡേജ ഒരാളെ വെടിവെച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായി.