ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് നവംബര്‍ 30ന് 12 മണിക്കെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.30ന് പന്ത്രണ്ട് മണിക്കാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചത്. കേരളത്തിലെത്തിയ കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനു മുന്‍പായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേരളാ തീരത്ത് വ്യാപകനാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനവും മുഖ്യമന്ത്രിയും. മുഖ്യമന്ത്രിക്കും കണ്ണന്താനത്തിനും പുറമേ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തും. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സേനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സേന നടത്തുന്ന രക്ഷാപ്രവ്രര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മന്ത്രിയുടെ സന്ദര്‍ശനം.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയില്‍ മന്ത്രിയെത്തും. രണ്ടുദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. ഇന്നു മൂന്നുമണിയോടെ എത്തുന്ന മന്ത്രി കന്യാകുമാരിയിലേക്ക് തീരദേശത്തു കൂടി റോഡ് മാര്‍ഗമാകും പോവുക. എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെയുള്ള കന്യാകുമാരിയിലെ സ്ഥിതികള്‍ മന്ത്രി വിലയിരുത്തും. തിരിച്ച് തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേന സജ്ജമായിരിക്കുകയാണ്. നാവികസേനയും വ്യോമസേനയും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 16 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനത്തിനു പോയ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്. കടലില്‍ കാണായ 29 പേരെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 പേരെ രക്ഷിക്കാനായത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഓഖി ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാവികസേന നടത്തിയ തെരച്ചിലില്‍ 13 മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഇവരുമായി നേവിയുടെ കപ്പല്‍ കൊല്ലം തീരത്തേക്ക് തിരിച്ചു. ലക്ഷദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചിരിക്കുന്നത്. വ്യോമസേന നാല് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. സില്‍വ, ക്രിസ്തുദാസ്, അന്തോണി, മരിയ ദാസ് എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും എയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു മരച്ചവരുടെ എണ്ണം സംസ്ഥാനത്ത് 16 ആയി. ഇന്ന് രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. തിരുവനന്തപുരം പൂന്തുറയില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലക്ഷദ്വീപിലെ കനാമത്ത് ദ്വീപിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ ഇന്നും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് പോയി. രണ്ട് ബോട്ടുകളിലായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്.

കേരളാ തീരത്ത് കടലാക്രമണം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്ന് വൈകിട്ടു വരെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ആന്‍ഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് കാറ്റ് ഇപ്പോള്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടിയുണ്ട്.

ശനിയാഴ്ച മാത്രം കേരളത്തില്‍ 8 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ രണ്ടു പേര്‍കൂടി മരിച്ചു.തിരുനല്‍വലി ജില്ലയിലാണ് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.തീരരക്ഷാ സേനയും നാവിക സേനയും നടത്തുന്ന തിരച്ചിലില്‍ 15 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കേ, മരിച്ചവരുടെയും തിരിച്ചെത്താനുള്ളവരുടെയും കണക്കു പോലും തിട്ടപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തു മാത്രം 110 പേരെ കാണാതായിട്ടുണ്ടെന്നാണു ലത്തീന്‍ അതിരൂപതയുടെ കണക്ക്.