സര്‍ക്കാരിന്റെ ബാധ്യത ജനങ്ങളോടു മാത്രം: വി.എസ്

തിരുവനന്തപുരം: ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഭരണപരിഷ്‌കാര കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുല്യനീതി ലഭിക്കാതിരിക്കുമ്പോളാണ് ചില വിഭാഗം ജനങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നത്. എല്ലാവിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് നല്ല ഭരണം. സ്ത്രീകള്‍, കുട്ടികള്‍ അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ എന്നിങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്.

പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുണ്ടോ എന്നതാണ് പ്രശ്‌നം. നിലവിലുള്ള ഭരണ സംവിധാനം കാലാകാലങ്ങളില്‍ വിലയിരുത്തുകയും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ ചെയ്യുന്നത്.