ഗുജറാത്ത് തെരഞ്ഞെടുപ്പ്: സൂറത്തില്‍ 70 വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍

അഹമ്മബാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സൂറത്തിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. തകരാര്‍ സംഭവിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി പകരം യന്ത്രങ്ങള്‍ എത്തിച്ച ശേഷമാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പുനരാരംഭിച്ചത്.

അതേസമയം കച്ച്, സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ 10 മണി വരെ 10 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

അതിനിടെ ജനങ്ങളോട്, പ്രത്യേകിച്ച് യുവജനതയോട് വോട്ട് രേഖപ്പെടുത്താന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും, പ്രത്യേകിച്ച് യുവജനത വോട്ട് രേഖപ്പെടുത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. എല്ലാവരും വോട്ട് രേഖപ്പെടുത്തണം. റെക്കോര്‍ഡ് പോളിങ് ആയിരിക്കണം വോട്ടെടുപ്പില്‍. യുവജനത പ്രത്യേകിച്ച് വോട്ട് രേഖപ്പെടുത്താന്‍ മുന്നോട്ട് വരണം’, മോദി കുറിച്ചു.

അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രാഹുല്‍ ആശംസകളും നേര്‍ന്നു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ടില്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 150ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും ഭാവ്‌നഗര്‍ വെസ്റ്റ് സ്ഥാനാര്‍ഥിയുമായ ജിത്തു വാഘനി അറിയിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചുവരെയാണ്.