ഓഖി ദുരന്തം: പൊന്നാനിക്ക് സമീപം കടലില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം: ഓഖി ദുരന്തത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം പൊന്നാനിക്ക് സമീപം കടലില്‍ നിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തീരദേശ പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. പൊന്നാനിയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 44 ആയി.അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെയാണെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട പുതിയ കണക്കുകള്‍ പറയുന്നത്.

പല കാരണങ്ങളാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. അതേസമയം, കൊച്ചിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലാണ് കണ്ടെത്തിയത്.