കാമുകനൊപ്പം കഴിയാനായി ഭര്‍ത്താവിനെ കൊന്നു

ഹൈദരാബാദ്: കാമുകനൊപ്പം കഴിയാനായി തെലങ്കാനയിലെ യുവതി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ കോലപ്പെടുത്തി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയായിരുന്നു സ്വാതി റെഡ്ഢിയെന്ന യുവതി. ഭര്‍ത്താവിന്റെ കൊലപാതകം മറച്ചു വെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാനുമായിരുന്നു ഇത്.

ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരുക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചിരുന്നത്. കാമുകന്‍ രാജേഷ് സുധാകറെന്ന വ്യാജേന ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകറിന്റേതു പോലെയാക്കാനായിരുന്നു നീക്കം. എന്നാല്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത് രാജേഷാണെന്ന് പൊലിസ് കണ്ടെത്തി.

 രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള മയ്‌സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയും ചെയ്തു.

രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പൊലിസ് അറസ്റ്റു ചെയ്തു.