ഇനിയും ഇങ്ങനെ ആവര്‍ത്തിച്ചാല്‍ താന്‍ മോഹന്‍ലാലിന് എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

മലയാളത്തിന്റെ താരരാജവ് മോഹന്‍ലാലിനെതിരെ പരാതിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നു. കാരണം മറ്റൊന്നുമല്ല. ഫോണില്‍ വിളിച്ച് ആള്‍മാറാട്ടം നടത്തി പലതവണയായി സത്യന്‍ അന്തിക്കാടിനെ പറ്റിക്കുകയാണ് മോഹന്‍ലാല്‍. ഇങ്ങനെ പറ്റിയ്ക്കുന്നത് കൂടിയപ്പോഴാണ് സത്യന്‍ അന്തിക്കാട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് മോഹന്‍ലാലിനെ തിരിച്ച് വിരട്ടിയത്.

ഒരിക്കല്‍ അന്തിക്കാട്ടെ എന്റെ വീട്ടിലേക്ക് ഒരു അപരിചതന്റെ ഫോണ്‍ വന്നു. പരിഭ്രമത്തോടെയാണ് അയാള്‍ സംസാരിക്കുന്നത്. ‘സാറിനെ കാണാന്‍ ഞാന്‍ വീട്ടിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് എന്നെ പോലീസ് പിടികൂടിയത്.’ ‘നിങ്ങളെന്തിനാ എന്റെ വീട്ടിലേക്ക് വരുന്നേ.’ ഞാന്‍ ചോദിച്ചു. ‘സാര്‍ ആളുകള്‍ എന്നെ ഉപദ്രവിക്കുകയാണ്. അവരോട് ഒന്നും ചെയ്യരുതെന്ന് പറയൂ.’ അയാള്‍ കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഫോണ്‍ വന്നു. അയാള്‍ തന്നെയാണ്. ‘ഞാന്‍ സാറിന്റെ വീട്ടിലേക്ക് വരികയാണ്. എസ്‌ഐയ്ക്ക് ഫോണ്‍ കൊടുക്കാം.’ ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഭാര്യയോട് കാര്യം പറഞ്ഞു. ‘ഏതോ ഒരു കുരിശാണ്. അയാളെന്തോ കേസില്‍ പെട്ടിട്ടുണ്ട്. ഉടനെ അയാള്‍ പോലീസുമായി ഇവിടെ വരും. അതിനുമുമ്പേ നമുക്ക് സ്ഥലം വിടണം.’

ഞാന്‍ ഭാര്യയേയും മക്കളെയും കൂട്ടി തൃശൂരിലേക്ക് വന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു ഫല്‍റ്റുണ്ട്. ഫ്‌ലാറ്റില്‍ വന്നുകയറി ഒരല്‍പ്പം കഴിഞ്ഞില്ല. അവിടുത്തെ ലാന്റ് ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ ഫോണെടുത്തു. ശ്രീനിവാസനായിരുന്നു. ‘നിങ്ങളെവിടാ?’ ‘ഫ്‌ലാറ്റിലുണ്ട്. വീട്ടില്‍ ടി.വി കാണാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഭാര്യയെയും മക്കളെയും കൊണ്ട് ഇങ്ങോട്ട് പോന്നതാണ്.’ അപ്പോള്‍ വായില്‍ തോന്നിയ കള്ളങ്ങള്‍ ഒക്കെ പറഞ്ഞു. ‘എന്റടുക്കല്‍ പ്രിയനുണ്ട്. അയാള്‍ക്ക് എന്തോ സംസാരിക്കണമെന്ന്. ‘എന്താ പ്രിയാ.’ ഞാന്‍ ചോദിച്ചു. ‘നിങ്ങള്‍ നല്ല ആളാ. ഒരാള്‍ സഹായത്തിനുവേണ്ടി വിളിക്കുമ്പോള്‍ ഇങ്ങനെ ഒളിച്ചോടുകയാണോ വേണ്ടത്?’ അവരിത് എങ്ങനെയറിഞ്ഞുവെന്ന് അത്ഭുതപ്പെട്ട് നില്‍ക്കുമ്പോള്‍ പ്രിയന്‍ പറഞ്ഞു. ‘ഞാന്‍ ലാലിന് ഫോണ്‍ കൊടുക്കാം.’ ഫോണിലൂടെ നേരത്തെ കേട്ട ആ അപരിചിതന്റെ വാക്കുകള്‍ വീണ്ടും മുഴങ്ങി. ഞാന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായി.

ഇങ്ങനെ ഒരിക്കലല്ല പലവട്ടം ലാലെന്നെ ഫോണില്‍ വിളിച്ച് പറ്റിച്ചിട്ടുണ്ട്. അപ്പോഴൊന്നും എനിക്കയാളെ പിടികൂടാനേ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ ഡയറക്ടര്‍ ബാലചന്ദര്‍സാറിന്റെ സെക്രട്ടറിയാണെന്ന് പറഞ്ഞാണ് വിളിച്ചത്. ഞാന്‍ പട്ടണപ്രവേശം എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ആ സിനിമയിലെ നായകന്‍ ലാലാണെന്ന് ആലോചിക്കണം. ബാലചന്ദര്‍ സാറും പട്ടണപ്രവേശം എന്ന പേരില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണ് ഈ ടൈറ്റില്‍ എടുത്തത്.’ എന്നൊക്കെ പറഞ്ഞാണ് വിരട്ടല്‍. അതും തനി തമിഴില്‍. അതും ലാലായിരുന്നുവെന്ന് അയാള്‍ പറയുന്നതുവരെയും എനിക്ക് മനസ്സിലായില്ല. മറ്റൊരിക്കല്‍ അദ്ധ്യാപകനെന്ന വ്യാജേന ചാന്‍സ് ചോദിച്ചുകൊണ്ടായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. മറ്റൊരവസരത്തില്‍ പൊള്ളാച്ചി എസ്‌ഐയായി സംസാരിച്ചതും ലാലായിരുന്നു.

ഈ അടുത്ത സമയത്തും ലാലെന്നെ വിളിച്ചിരുന്നു. പുലിമുരുകന്റെ സെറ്റില്‍ നിന്ന്. നടന്‍ സിദ്ധിക്കിന്റെ ഫോണില്‍. സിദ്ധിക്കിന്റെ ശബ്ദം അങ്ങനെ തന്നെ അനുകരിച്ചുകൊണ്ട്. ലാലിന്റെ ചില മൂളലും ചിരിയും കൊണ്ടാണ് ഞാനത് തിരിച്ചറിഞ്ഞത്. ഒടുവില്‍ ക്ഷമ കെട്ട് ഞാന്‍ ലാലിനോട് പറഞ്ഞു. ഇനിയുമിത് ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട്. അയാള്‍ ഇനിയും എന്നെ വിളിക്കും. വേറെ പേരുകളില്‍ വേറെ ഭാഷകളില്‍. ലാലിന്റെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെപ്പോലെ സത്യന്‍ അന്തിക്കാട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ