ജിഷ വധം:ശിക്ഷ വിധിക്കേണ്ടത്‌ പൊതുസമൂഹത്തെ തൃപതിപ്പെടുത്താനോ? യഥാര്‍ത്ഥ പ്രതികള്‍ മാറി നിന്ന്‌ ചിരിക്കുന്നുണ്ടോ?

ടൈറ്റസ് കെ വിളയിൽ

കേരള സമൂഹം പ്രതീക്ഷിച്ചത്‌ പോലെ ജിഷവധക്കേസിലെ കൊലപാതികി എന്നാരോപിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്‌ വധശിക്ഷ തന്നെ വിചാരണക്കോടതി വിധിച്ചു.
ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും “ദൈവ വിധി ” എന്ന്‌ വിശേഷിപ്പിച്ച വിധിന്യായത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക:
“മാനം കാക്കാന്‍ അവസാനം വരെ യുവതി നടത്തിയ പോരാട്ടം സ്ത്രീസമൂഹം അര്‍ഹിക്കുന്ന നീതിക്ക്‌ വേണ്ടിയുള്ളതാണ്‌.അതാണ്‌ അവരുടെ മരണം സമൂഹത്തിന്റെ പൊതുബോധത്തെ ഇത്രയും മുറിപ്പെടുത്തിയത്‌.ഈ സാഹചര്യത്തില്‍ പ്രതി ദയ അര്‍ഹിക്കുന്നില്ല.അര്‍ഹമായ ശിക്ഷ ലഭിക്കാത്ത പക്ഷം പൊതു മനസ്സാക്ഷി നൊമ്പരപ്പെടും.നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും”
അതായത്‌ അമീറുള്ളിന്‌ വധശിക്ഷ വിധിച്ചത്‌ പൊതു മനസ്സാക്ഷി നൊമ്പരപ്പെടാതിരിക്കാനാണ്‌

ഇത്‌ നീതിന്യായ വ്യവസ്ഥയില്‍ നിന്നും പ്രതീക്ഷിക്കുന്ന സ്വാഭാവിക നീതിയുടെ അട്ടിമറിയാണ്‌.
ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍,വിചാരണയില്‍ ലഭിക്കുന്ന വിവരങ്ങളുമായി കൂട്ടിയിണക്കി ഇന്ത്യന്‍ പീനല്‍ കോഡും-ക്രിമിനല്‍ തെളിവു നിയമം-ഇന്ത്യന്‍ തെളിവു നിയമങ്ങളും അനുശാസിക്കുന്ന വകുപ്പുകളെ മുന്‍നിറുത്തി ഭയമോ അനുനയമോ ഇല്ലാതെ ,ഒരു നിര്‍ബന്ധത്തിനും വഴങ്ങാതെ,വൈയക്തികമല്ലാതെ,വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും വിധി പ്രഖ്യാപിക്കേണ്ടിടത്താണ്‌ ജിഷ വധക്കേസില്‍ പൊതുമനസ്സാക്ഷി നൊമ്പരപ്പെടാതീരിക്കാന്‍ വധശിക്ഷ വിധിച്ചതെന്ന്‌ ജഡജി തന്നെ പറയുന്നത്‌!
ഇത്‌ സ്വാഭാവിക നീതിയുടെ അട്ടിമറിയാണ്‌
സുപ്രീം കോടതി വരെ പോകേണ്ട കാര്യമില്ല,ഹൈക്കോടതി തന്നെ ഈ ശിക്ഷ ലഘൂകരിക്കുമെന്നുറപ്പ്‌!

വൈകാരികമായ സമീപനം സൗമ്യ കേസിലുണ്ടാക്കിയ തിരിച്ചടി തന്നെയാണ്‌ ജിഷ കേസിലും അപ്പീല്‍ കോടതിയില്‍ നിന്ന്‌ ഉണ്ടാകാന്‍ പോകുന്നത്‌.സൗമ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ തിരുത്തല്‍ വിധി , ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന്‌ തന്നെയുണ്ടാകുമെന്ന്‌ ഇപ്ധപോഴെ ഉറപ്പാക്കാം .

അമീറുള്‍ നിരപരാധിയാണെന്നും വധിക്കാന്‍ ഉപയോഗിച്ച കത്തി പൊലീസ്‌ ഉണ്ടാക്കിച്ചതാണെന്നും അഡ്വക്കേറ്റ്‌ ആളൂര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.ഈ സംശയം ബലപ്പെടുത്തുന്നതാണ്‌ “കത്തിയടക്കം തൊണ്ടിയായി കണ്ടെടുത്ത ആയുധങ്ങള്‍ നശിപ്പിക്കാന്‍” കോടതി പൊലീസിനു നല്‍കിയ ഉത്തരവ്‌!

ജിഷയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായകമായ കണ്ടെത്തലുകള്‍ വിചാരണക്കോടതി ഗൗവരവമായി എടുത്തിട്ടില്ല.ഈ ഘടകങ്ങള്‍ അപ്പീല്‍ കോടതി കാണാതെ പോകില്ലെന്നാണ്‌ എന്റെ നിഗമനം. അങ്ങനെ വരുമ്പോള്‍ ,കൊലാപാതകം വിവാദമായ നാളുകളില്‍ ഉന്നയിക്കപ്പെട്ട ചില ചോദ്യങ്ങള്‍ വീണ്ടും ശക്തമാകും.

ജിഷ കൊല്ലപ്പെട്ടത്‌ ഏപ്രില്‍ 28 ന്‌ വൈകിട്ട്‌ 5 മണിക്കും 5.45 നും ഇടയിലാണ്‌ എന്നാണ്‌ പോലീസ്‌ ഇപ്പോഴും പറയുന്നത്‌. പോസ്റ്റ്‌ മോര്‍ട്ടം നടന്നിട്ടുള്ളത്‌ 29ന്‌ ഉച്ചക്ക്‌ ശേഷം രണ്ടരയോടെയും. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും പോലീസ്‌ പറയുന്ന കൊലപാതക സമയവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്‌. അതായത്‌ പോസ്റ്റ്‌ മോര്‍ട്ടം നടക്കുമ്പോള്‍ മരണം നടന്നിട്ട്‌ കുറഞ്ഞത്‌ 34/ 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടിലെ സൂചന. അതനുസരിച്ച്‌ ജിഷ കൊല്ലപ്പെട്ടത്‌ തലേന്ന്‌ (27ന്‌) അര്‍ധരാത്രിക്ക്‌ ശേഷം അല്ലെങ്കില്‍ അന്ന്‌ പുലര്‍ച്ചെയാണ്‌.

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക സൂചനകള്‍:
പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ ഭാഗമാണ്‌ മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നല്‍കുന്നത്‌. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on both side of lower part of face, chin, front of neck, upper part of of chest and top of shoulders. .

മൃതശരീരത്തിന്‌ ഈ മാറ്റം സംഭവിക്കുന്നത്‌ കുറഞ്ഞത്‌ 36 മണിക്കൂറിനു ശേഷമാണ്‌. മരണം നടന്ന്‌ എട്ടു പത്തു മണിക്കൂറിനുള്ളില്‍ ശരീരം മരവിച്ച്‌ വടി പോലെയാവും.ഈ അവസ്ഥയാണ്‌ Rigor mortis. അടുത്ത 24 മണിക്കൂര്‍ ഈ മരവിപ്പ്‌ നിലനില്‍ക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോരോ അവയവങ്ങളായി മരവിപ്പ്‌ വിടും. 34 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം ശരീരം പൂര്‍ണമായും മരവിപ്പ്‌ വിട്ട്‌ മൃദുലമാവും. അഴുകാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ്‌ ഇത്‌. ശരീരം പൂര്‍ണമായും മരവിപ്പ്‌ വിട്ടിരുന്നു എന്ന പോസ്റ്റ്‌ മോര്‍ട്ടത്തിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന കുറഞ്ഞത്‌ 36 മണിക്കൂര്‍ മുന്‍പാണ്‌ മരണം നടന്നത്‌ എന്നാണ്‌.

മാത്രമല്ല, ആന്തരികാവയവങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു എന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്‌. Blood stained frothy fluid seen oozing out of nostrils എന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശം അഴുകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ്‌ വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാന്‍ തുടങ്ങുമ്പോള്‍ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോള്‍ മൂക്കിലൂടെ രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വമിക്കാന്‍ ഇടയുണ്ട്‌. There was marbling on both side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശവും മേല്‍പ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു.

-ഇവിടെയാണ്‌ യഥാര്‍ത്ഥ കൊലയാളികള്‍ മാറി നിന്ന്‌ ചിരിക്കുന്നില്ലേ എന്ന സന്ദേഹം ശക്തമാകുന്നത്‌.
-ഇവിടെയാണ്‌ അമീറുള്‍ വാടകക്കൊലയാളിയാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നത്‌.
-ഇവിടെയാണ്‌ വീടിന്റെ തുറന്നു കിടന്ന പിന്‍വാതിലിലൂടെ അകത്തു കയറാതെ ജിഷയുടെ അമ്മ ,ജനനലിലൂടെ മകള്‍ മരിച്ചു കിടക്കുന്നതു കണ്ടു എന്നു മൊഴി കൊടുത്തതില്‍ അസ്വഭാവികത തോന്നുന്നത്‌
-ഇവിടെയാണ്‌ പ്രതി അറസ്റ്റിലായിട്ടും ജിഷയുടെ അമ്മയ്ക്ക്‌ പൊലീസ്‌ സംരക്ഷണം കൊടുത്തതെന്തിന്‌ എന്ന ചോദ്യമുയരുന്നത്‌.
-ഇവിടെയാണ്‌ ആരെ ഭയന്നിട്ടാണ്‌ ജിഷ വെട്ടുകത്തി തലയിണക്കീഴില്‍ കരുതി ഉറങ്ങിയിരുന്നതെന്ന സംശയം ശക്തമാക്കുന്നത്‌.
-ഇവിടെയാണ്‌ ജിഷ്‌ തന്റെ വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന പെന്‍കാമറയിലെ ദൃശ്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിയേണ്ടത്‌.
-ഇവിടെയാണ്‌ ജിഷയുടെ ദേഹത്തുള്ള കടിപ്പാടില്‍ നിന്നും പല്ലിനു വിടവുള്ള ആളാണ്‌ കൊലപാതകി എന്ന പൊലീസ്‌ ഭാഷ്യം അവിശ്വസനീയമാകുന്നത്‌.കാരണം അമീറുള്ളിന്റെ മുന്‍ പല്ലില്‍ വിടവില്ല.
-ഇവിടെയാണ്‌ മരിക്കുന്നതിന്‌ മുന്‍പ്‌ ജിഷയുടെ പിതാവു പപ്പു മൊഴി നല്‍കിയിരുന്നെങ്കില്‍ എന്തൊക്കെ വെളിപ്പെടുത്തപ്പെടുമായിരുന്നു എന്ന ചോദ്യം സജീവമാകുന്നത്‌

പൊതുസമൂഹത്തെ ശാന്തമാക്കാന്‍ ഉണ്ടായ ഈ വിധിയിലൂടെ നീതിനടപ്പാക്കി എന്ന്‌ ആരൊക്കെ അവകാശപ്പെട്ടാലും നീതി നടപ്പിലാക്കി എന്ന്‌ ബോദ്ധ്യപ്പെടുത്തുന്നതില്‍ കോടതിയും പൊലീസും പരാജയപ്പെട്ടു എന്ന്‌ പറയേണ്ടി വരുന്നു.