മലയാളികളെ അമ്പരിപ്പിച്ച് ” ഒടിയന്‍ “ലുക്കില്‍ മോഹന്‍ലാല്‍

കൊച്ചി:ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമയിലെ ഒടിയൻ മണിക്കാണ് എന്ന കഥാപാത്രത്തിന്റെ ലുക്കിൽ മോഹൻ ലാൽ മലയാളിക്ക് മുന്നിൽ എത്തി . ഇതിനോടകം ചിത്രത്തിലെ താരത്തിന്റെ പുതിയ രൂപം ജനശ്രദ്ധ നേടിയെങ്കിലും നിരവധി വിമര്‍ശനങ്ങലും ലാലിന്റെ ലുക്കിന് നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം പുതിയ ലുക്കില്‍ നടന്‍ കൊച്ചിയില്‍ ഒരു പൊതു ചടങ്ങിനെത്തി. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയം കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേക്ക് ചുള്ളനായി തന്നെയാണ് ലാല്‍ എത്തിയത്. ഫസ്റ്റ്ലുക്ക് വന്നതിന് ശേഷം ലാലേട്ടന്‍ ഹെയ്‌റ്റേഴ്‌സ് പറഞ്ഞു നടന്നത് അത് കംപ്യൂട്ടര്‍ ഗ്രാഫിക്ക്‌സാണെന്നും ലാലിന്റെ തടി കുറഞ്ഞിട്ടില്ലെന്നുമൊക്കെയാണ്. അത്തരം ആളുകള്‍ക്കുള്ള മറുപടിയായിരുന്നു എയര്‍പോര്‍ട്ട് ലുക്ക് ചിത്രങ്ങള്‍. അതിന് ശേഷമാണ് ഇപ്പോള്‍ പൊതുപരിപാടിയ്ക്കും മോഹന്‍ലാല്‍ എത്തിയത്. ഒടിയന്‍ ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി ഹോസ്റ്റ് ചെയ്തത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യന്‍ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മഹാനടന്‍ എടുത്ത പ്രയത്‌നത്തെ കയ്യടികളോടെയും ആദരവോടെയുമാണ് പ്രേക്ഷകര്‍ സ്വാഗതം ചെയ്തത്. കൊച്ചിയിലെ ഈ വരവേല്‍പ് അതിനു തെളിവാകുന്നു.

ഏകദേശം 18 കിലോയോളം ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായത്. അന്‍പതോളം ദിവസം നീണ്ടു നിന്ന പരിശീലനമുറ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് ഉള്‍പ്പടെയുള്ള 25 അംഗ സംഘമാണ് മോഹന്‍ലാലിനെ പരിശീലനമുറ പഠിപ്പിക്കാനെത്തിയത്.

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സിദ്ദീഖ് തുടങ്ങിയവരും ഒടിയനില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരികൃഷ്ണന്റെ കഥ വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് സ്റ്റണ്ട് മാസ്റ്റര്‍.

മോഹന്‍ലാലിന്റെ ഉടന്‍ ഷൂട്ടിംങ് ആരംഭിക്കാനിരിക്കുന്ന ഭീമനിലേക്കുള്ള മാറ്റം കൂടിയാണ് ഒടിയനിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിനിമ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഒടിയന്‍ മാണിക്യന്റെ ലുക്കിലേക്ക് മോഹന്‍ലാലിനെ എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് ഫ്രാന്‍സില്‍ നിന്ന് താരത്തിന് പരിശീലനം നല്‍കാനെത്തിയ വിദഗ്ദ സംഘത്തിനാണ്.