ഗുഡുഗാവ് മാര്‍ത്തോമ്മാ പള്ളിക്കുള്ളില്‍ കൂട്ടയടി: നിരവധിപേര്‍ക്ക് പരിക്ക്

പാഴ്‌സനേജ് നിര്‍മ്മാണത്തെച്ചൊല്ലിയാണ് കൂട്ടയടി നടന്നത് 20 മിനിട്ടോളം കൂട്ടത്തല്ല് നടന്നതായി ദൃക്‌സാക്ഷികള്‍ ആരാധനയ്ക്ക് ശേഷം നടന്ന ഇടവകയോഗത്തിലാണ് കൂട്ടയടി

-നിയാസ് കരീം-

ഗുഡുഗാവ് (ഹരിയാന): പള്ളി വികാരിക്ക് താമസിക്കാനുള്ള കെട്ടിടം (പാഴ്‌സനേജ്)
പണിയെച്ചൊല്ലി പള്ളിക്കുള്ളില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്. മൂന്നുപേര്‍ക്ക് പരിക്ക് പറ്റി. പോലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുഡുഗാവ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലാണ് വിശ്വാസികള്‍ ചേരിതിരിഞ്ഞ് അടിനടത്തിയത്. ഈ മാസം 20ാം തീയതി ഞായറാഴ്ച ആരാധനയ്ക്ക് ശേഷം നടന്ന ഇടവക യോഗത്തിനിടെയിലാണ് ചേരിതിരിഞ്ഞ് അടിനടന്നത്. അടികിട്ടിയവരും കൊടുത്തവരും ഗുഡുഗാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. (വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ താഴെ കാണുക).


ഞായറാഴ്ച രാവിലെയുള്ള ആരാധനയ്ക്ക് ശേഷം നടന്ന ഇടവകയോഗത്തില്‍ പള്ളി കെട്ടിടത്തിന് മുകളില്‍ വൈദികന് താമസിക്കാനായി (പാഴ്‌സനേജ്) കെട്ടിടം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് അടിപൊട്ടിയത്. നിലവില്‍ പള്ളി സ്ഥിതി ചെയ്യുന്നത് ഒരു അനധികൃത കോളനിയിലാണ്. എയര്‍ഫോഴ്‌സിന്റെ ആയുധ സംഭരണശാലയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി കെട്ടിടം തന്നെ അനധികൃത നിര്‍മ്മാണമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ആയുധ സംഭരണ ശാലയ്ക്ക് 900 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചത് പള്ളി ഭാരവാഹികള്‍ക്കും ഇടവക വികാരിക്കും സുഖിച്ചില്ല. എന്ത് വിലകൊടുത്തും പാഴ്‌സനേജ് പണിയുമെന്ന വികാരിയുടെയും ഇടവക ചുമതലക്കാരുടെയും നിലപാടുകളാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ള ഒരു സ്ഥലത്ത് എന്തിനാണ് കെട്ടിടം പണിയുന്നതെന്ന കാര്യത്തില്‍ ഭാരവാഹികള്‍ക്ക് ഇപ്പോഴും വ്യക്തമായ മറുപടിയില്ല. അതുപോലെതന്നെ ഫേസ്ബുക്കിലൂടെയും മറ്റും ഇടവകയെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന ചില വ്യക്തികള്‍ക്കെതിരെ നടപടികളെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് വികാരി എം.പി. സോളമന്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. അടിനടക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് നാല്‍പതോളം പേര്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇടവകയുടെ ആല്‍മായ ശുശ്രൂഷകനും സെക്രട്ടറിയും ട്രസ്റ്റിയും ചേര്‍ന്നാണ് എതിരാളികളെ അടിച്ചതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമലംഘനം നടത്തി കെട്ടിടം പണിയുന്നത് അപകടമാണെന്ന് ചൂണ്ടിക്കാണിച്ചവരെയാണ് മര്‍ദ്ദിച്ചതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ സ്ത്രീകളും ചേരിതിരിഞ്ഞ് അടിയില്‍ പങ്കെടുത്തു. കൂട്ടത്തല്ലിനിടെയില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്ക് പറ്റി. കൂടാതെ, ഒരു ഇടവക കമ്മിറ്റി മെംബര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഗുഡുഗാവിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സതേടിയിരുന്നു. ഏതാണ്ട് 20 മിനിട്ടുനേരം പള്ളിക്കുള്ളില്‍ കൂട്ടത്തല്ല് നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വികാരിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന അടിപിടിക്കെതിരെ മര്‍ദ്ദനമേറ്റവര്‍ ഗുഡുഗാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, കഴിഞ്ഞ നാലുവര്‍ഷമായി ഇടവകയെയും ബിഷപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തതെന്നും. അതിനായി ഇല്ലാത്ത പാഴ്‌സനേജ് നിര്‍മ്മാണം എന്ന കാരണം ഇവര്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും ഇടവക വികാരി എം.പി. സോളമന്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇങ്ങനൊരു പാഴ്‌സനേജ് നിര്‍മ്മിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടെന്ന് അറിയിപ്പുണ്ടായതിനാല്‍ ഇതുവരെ പാഴ്‌സനേജ് നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലാന്നും വികാരി വ്യക്തമാക്കി.
എന്നാല്‍ വികാരിയുടെ വാദങ്ങല്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇടവക അംഗം വൈഫൈ റിപ്പോര്‍ട്ടറോട് ചൂണ്ടിക്കാട്ടി. പള്ളിയില്‍ ദീര്‍ഘകാലമായി നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും പണാപഹരണവും നടത്തുന്നവരെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. പള്ളിയിലെ വരവ് ചിലവ് കണക്കുകളെക്കുറിച്ച് കൃത്യമായ രേഖകളോ ഐ.ടി റിട്ടേണ്‍ കൊടുത്തതിന്റെ രേഖകളോ ഇടവകയില്‍ ലഭ്യമല്ല. 20 ാം തീയതി ചേര്‍ന്ന ഇടവക യോഗത്തിന്റെ മുഖ്യ അജണ്ടതന്നെ പള്ളിക്കെട്ടിടത്തിന് മുകളില്‍ പാഴ്‌സനേജ് പണിയുന്നതിനെക്കുറിച്ച് ആലോചിക്കുക എന്നതായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം അടിച്ചുമാറ്റുന്നവര്‍ക്കെതിരെയാണ് ഫേസ്ബുക്കുള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നതെന്ന് ഇടവകയിലെ ഒരംഗം വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
വികാരിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന അടിപിടിക്കെതിരെ ഇരുചേരിയിലും പെട്ടവര്‍ ഗുഡുഗാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരസ്പരം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരും പരാതി പിന്‍വലിക്കുന്നതായി പോലീസിന് എഴുതി നല്‍കിയിട്ടുണ്ട്.
പള്ളികളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും പതിവായിരിക്കുകയാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ മാവേലിക്കര കുറത്തികാട് ജറുസലേം മാര്‍ത്തോമാ പള്ളി വികാരി റവ. രാജി ഈപ്പനെ പള്ളിക്കുള്ളില്‍ വെച്ച് ഒരാള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള ശ്രമം വരെയുണ്ടായി. പള്ളിമുറ്റത്ത് ഇന്റര്‍ലോക്കിംഗ് കട്ട വാങ്ങിയതിന്  65 ലക്ഷം രൂപ ചെലവാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വികാരിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്ന സംഭവത്തിലേക്ക് തിരിഞ്ഞത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ഈ വര്‍ഷംതന്നെ കേരളത്തിന് അകത്തും പുറത്തുമായി ഏതാണ്ട് 15ലധികം ക്രൈസ്തവ ദേവാലയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.