അഴിമതി കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: അഴിമതിയില്‍ ഇന്ത്യയിൽ മൂന്നാം സ്ഥാനവുമായി കേരളം. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്ക് പുറത്തു വിട്ടത്. മഹാരാഷ്ട്രയ്ക്കാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നില്‍ ഒഡിഷയുണ്ട്. 2016ല്‍ 430 അഴിമതി കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2015ലാകട്ടെ 322 കേസുകളും. രാജ്യത്ത് മുഴുവന്‍ 2016ല്‍ 4,439 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ 1016ഉം, ഒഡിഷയില്‍ 569ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ ഒരാളെയും ശിക്ഷിക്കുകയോ വകുപ്പുതല നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എന്‍.സി.ആര്‍.ബിയുടെ കണക്കില്‍ പറയുന്നു. തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന കേസുകളിലും കേരളം മുന്നിലാണ്. 1167 കേസുകളില്‍ 1102 കേസുകളില്‍ ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല.
65 കേസുകള്‍ പരിശോധന തുടങ്ങുകയും 49 കേസുകളില്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഇതുവരെ 135 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വിജിലന്‍സ് പുറത്തു വിട്ട എഫ്.ഐ.ആര്‍ രേഖകള്‍ പറയുന്നു. എന്നാല്‍, ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് വന്നതിനു ശേഷം വിജിലന്‍സിനു ലഭിക്കുന്ന പരാതികളുടെ എണ്ണം കുറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ എഫ്.ഐ.ആര്‍ എടുക്കാനും കഴിയില്ല. മാത്രമല്ല പരിശോധന പൂര്‍ത്തിയാകാത്ത കേസുകളില്‍ അന്വേഷണം നടത്താന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. പ്രമുഖര്‍ക്കെതിരേയുള്ള വന്‍ അഴിമതി സംബന്ധമായ പരാതിയിലും അന്വേഷണം വേണ്ട എന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍. കഴിഞ്ഞ വര്‍ഷം 1,500 പരാതികളാണ് വിജിലന്‍സിനു ലഭിച്ചത്. ഇതില്‍ പലതിലും അന്വേഷണം തന്നെ നടത്തിയില്ല.