അടുത്ത അങ്കത്തില്‍ മലര്‍ത്തിയടിക്കുമെന്ന്‌ രാഹുലിന്റെ പ്രഖ്യാപനം

അഹമ്മദാബാദ്‌: ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന പ്രകടനത്തിനു ശേഷം കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മലര്‍ത്തിയടിക്കുമെന്ന്‌ രാഹുല്‍ റാലിയില്‍ പ്രഖ്യാപിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടി വിജയിക്കുമെന്നാണ്‌ രാഹുലിന്റെ വെല്ലുവിളി. എന്നാല്‍ ഇതിനിടെ നിങ്ങള്‍ പിന്തിരിയാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പോടെ ഗുജറാത്തില്‍ പുതിയൊരു നേതൃനിര കടന്നുവന്നു. ഇവരായിരിക്കും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ കോണ്‍ഗ്രസിനായിരുന്നു. 182 ല്‍ 80 സീറ്റുകളാണ്‌ കോണ്‍ഗ്രസ്‌ നേടിയത്‌.