ജയലളിതയുടെ പിൻഗാമി ദിനകരൻ

ചെന്നൈ: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ദിനകരന്‍. ദിനകരന്റെ ഭൂരിപക്ഷം 15000ത്തിലേക്കെത്തുന്നതായാണ് റിപ്പോര്‍ട്ട്.എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരന്‍ മത്സരിച്ചത്. എക്‌സിറ്റ്‌പോള്‍ ഫലവും ദിനകരന് അനുകൂലമായിരുന്നു. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഡി.എം.കെയുടെ മരുത് ഗണേഷാണ് മൂന്നാമത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു.

കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 2000 പൊലിസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. മണ്ഡലം ആര്‍ക്കൊപ്പമാണെന്നത് പത്ത് മണിയോടെ വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ട്. ശശികല വിഭാഗമായ ദിനകരനും ഇ.പി.എസ്- ഒ.പി.എസ് കൂട്ടുകെട്ടിനും തെരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണായകമാണ്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
ജയിലില്‍ പോകുന്നതിന് മുന്‍പ് ദിനകരനെ അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ ശശികലയുടെ നടപടി വലിയ പൊട്ടിത്തെറിയാണ് അണ്ണാ ഡി.എം.കെയില്‍ ഉണ്ടാക്കിയിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു.മന്നാര്‍ ഗുഡി മാഫിയയുടെ കയ്യില്‍ നിന്നും അണ്ണാ ഡി.എം.കെയെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പനീര്‍ശെല്‍വത്തിന് പക്ഷേ പിന്നീട് ചുവട് പിഴച്ചു.എടപാടി പളനി സാമിയെ പനീര്‍ശെല്‍വത്തിന് പകരം ശശികല വിഭാഗം മുഖ്യമന്ത്രിയാക്കിയെങ്കിലും തുടര്‍ന്ന് ‘ജനവികാരം’ മുന്‍നിര്‍ത്തി പളനി സാമിയും ദിനകരനുമായി തെറ്റുന്ന കാഴ്ചയാണ് തമിഴകം കണ്ടത്.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നിലപാടും ഉടക്കിന് പ്രധാന കാരണമായിരുന്നു.അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം തിരെഞ്ഞെടുപ്പു കമ്മിഷന്‍ മരവിപ്പിക്കുക കൂടി ചെയ്തതോടെ പനീര്‍ശെല്‍വ-പളനിസാമി വിഭാഗങ്ങള്‍ പരസ്പരം ലയിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനുശേഷം അണ്ണാ ഡിഎംകെ പേരും ചിഹ്നവും അവര്‍ തിരിച്ചു പിടിക്കുകയും ചെയ്തു.

ഒത്ത് തീര്‍പ്പ് ധാരണ പ്രകാരം പളനിസാമി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വവും തുടര്‍ന്നു.ശശികല-ദിനകര പക്ഷത്തെ അനുകൂലിക്കുന്ന നിരവധി എം.എല്‍.എമാര്‍ അണ്ണാ ഡി.എം.കെയില്‍ നിലവിലുള്ളതിനാല്‍ ആര്‍.കെ.നഗറില്‍ ഡി.എം.കെ ജയിച്ചാലും ദിനകരന്‍ ജയിക്കരുതെന്ന വാശിയിലായിരുന്നു സംസ്ഥാന ഭരണകൂടം.പണം വന്‍തോതില്‍ ഒഴുകിയ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനവും വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു.പ്രചരണ രംഗത്ത് നേടിയ മുന്‍തൂക്കം വോട്ടെണ്ണലിലും തുടക്കം മുതല്‍ നില നിര്‍ത്താന്‍ ദിനകരന് കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

ഇതിനിടെ ജയലളിതയുടെ മണ്ഡലത്തില്‍ അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്ന ദിനകരനാണ് പുരട്ച്ചി തലൈവിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന പ്രചരണം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ പനീര്‍ശെല്‍വത്തെയും എടപ്പാടി പളനിസാമിയെയും അധികാര ഭൃഷ്ടനാക്കി അധികാരം പിടിച്ചെടുക്കാനായിരിക്കും ദിനകരന്‍ ശ്രമിക്കുകയെന്നാണ് സൂചന.

അണ്ണാ ഡി.എം.കെ എം.എല്‍.എമാരില്‍ നല്ലൊരു വിഭാഗവും ശശികല ദിനകര പക്ഷത്ത് നിലയുറപ്പിക്കാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങളും തള്ളിക്കളയുന്നില്ല.അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടുന്നതിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ മുന്നിട്ട് നില്‍ക്കുന്നത്.