ആര്‍.കെ നഗര്‍: ബി.ജെ.പി സ്വയം വിലയിരുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്കും പിറകിലായ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി എം.പി സുബ്രഹ്മണ്യന്‍ സാമി രംഗത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രം. ഇത് സ്വയം വിലയിരുത്താനുള്ള സമയമായെന്ന് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ആര്‍.കെ നഗറില്‍ കളം പിടിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറക്കിയിരുന്നത്. എന്നാല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ മുതല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒരിക്കല്‍പോലും മുന്നേറ്റത്തിനായുള്ള ശ്രമം കണ്ടില്ല. പകുതി റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിവോട്ട് നോട്ടയ്ക്ക് ലഭിക്കുന്നതായി കണ്ടതോടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരെല്ലാം പിന്‍വലിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയത്തില്‍പോലും ആളനക്കമില്ലാത്ത അവസ്ഥയിലായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായ കരുനാഗരാജന് 1417 വോട്ട് മാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് ലഭിച്ചതാവട്ടെ 2373 വോട്ടും.