പാകിസ്താനുള്ള സാമ്പത്തിക സഹായം തടഞ്ഞുവെച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: പാകിസ്താന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദത്തെ നേരിടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് പാകിസ്താനെതിരെയുള്ള അമേരിക്കയുടെ ഈ നടപടി. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയായും കൂടിയാണ് ഇത് വിലയിരുത്തപ്പെടുന്നത്.അമേരിക്കന്‍ പൗരന്‍മാരെ ബന്ധികളാക്കിയ ഭീകരകവാദികളെ കൈമാറുന്നതില്‍ പാകിസ്താന്റെ നിഷേധാത്മക സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 2002 മുതല്‍ അമേരിക്ക 330 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് നല്‍കിവന്നത്.

ഭീകരവാദവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ നിലപാടുകളില്‍ അമേരിക്കയ്ക്കുള്ള പ്രതിഷേധം പ്രകടപ്പിക്കുന്നതിന് സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭീകരവാദികള്‍ അഞ്ചു വര്‍ഷത്തോളമായി തടവിലാക്കിയിരുന്ന അമേരിക്കക്കാരിയെയും അവരുടെ കനേഡിയക്കാരനായ ഭര്‍ത്താവിനെയും കുട്ടികളെയും ഒക്ടോബറിലാണ് പാകിസ്താന്‍ സൈന്യം ഇടപെട്ട് മോചിപ്പിച്ചത്. ഭീകരവാദികളില്‍ ഒരാളെയും പാക് സൈന്യം പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്യണമെന്ന അമേരിക്കയുടെ ആവശ്യം പാകിസ്താന്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്നും ഭീകരവാദത്തിന് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും പ്രസിഡന്റ് ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു.