സെന്റ് അല്‍ഫോന്‍സായില്‍ ഫാമിലി നൈറ്റും ജൂബിലേറിയന്‍ സംഗമവും അരങ്ങേറി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയന്‍ ദമ്പതീസംഗമവും
ശ്രദ്ധേയമായി.

ഡിസംബര്‍ 29 നു വെള്ളിയാഴ്ച വൈകുന്നേരം ദേവാലയത്തില്‍ ആരാധനക്കും ദിവ്യബലിക്കും ശേഷം സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍. പുതുവര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിനൊരുക്കമായി കടന്നുപോയ വര്‍ഷത്തില്‍ ദൈവം നല്‍കിയ അനുഹ്രഹങ്ങള്‍ക്കു നന്ദിയും കൃതജ്ഞതയുമര്‍പ്പിച്ചാണ് കുടുംബദിനാചരണസന്ധ്യയും ജൂബിലേറിയന്‍ ദമ്പതീ സംഗമവും സംഘടിപ്പിച്ചത്. അനുമോദന സമ്മേളനം വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഉദ്ഘാടനം ചെയ്തു. വിവാഹത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരാണ് ജൂബിലേറിയന്‍ സംഗമത്തില്‍ പങ്കെടുത്തത്.

കുടുംബത്തിനും സമൂഹത്തിനും സഭക്കും ആത്മീയ ദീപ്തി പരത്തുന്ന ദീപസ്തംഭങ്ങളാകുവാവാന്‍ ദമ്പതിമാര്‍ക്കാകട്ടെയെന്നു ഫാ ജോണ്‍സ്റ്റി ആശംസിച്ചു. കേക്ക് മുറിച്ചു മധുരം പങ്കുവെച്ച ജൂബിലേറിയന്‍സിനു ഇടവകയുടെ പാരിതോഷികം ഫാ ജോണ്‍സ്റ്റി സമ്മാനിച്ചു. ഇടവക സമൂഹത്തെ പ്രതിനിധീകരിച്ചു ജോബ് ജോണ്‍ ജൂബിലേറിയന്‌സിനു ആശസകള്‍ അര്‍പ്പിച്ചു. ഇടവകയിലെ ഈ വര്‍ഷത്തിലെ നവജാതരെയും തദവസരത്തില്‍ അഭിനന്ദിച്ചു.

യുവജനഗായകസംഘം ആലപിച്ച ക്രിസ്മസ് കരോള്‍ ഗീതങ്ങകളും, ഇടവകയിലെ പന്ത്രണ്ടു പ്രാര്‍ഥനാ കൂട്ടായ്മകളിലെ ഗായകസംഘങ്ങളില്‍നിന്നായി അന്‍പതോളം പേര്‍ ചേര്‍ന്നാലപിച്ച ശ്രുതിമധുരമായ കുടുംബഗീതങ്ങളും, തിരുപ്പിറവിഗാനങ്ങളും രാവിനെ സംഗീതസാന്ദ്രമാക്കി. ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി തൂവെളള വസ്ത്രധാരികളായി കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ‘സിംഗിംഗ് ഏഞ്ചല്‍സ്’ കാരളും ശ്രദ്ധേയമായിരുന്നു.

ട്രസ്റ്റി ഡെന്നി ജോസഫ് നന്ദി പറഞ്ഞു. സെക്രട്ടറി ജെജു ജോസഫ്, ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Picture2

Picture3

Picture

Picture