അമിത മരുന്നുപയോഗം ; മലയാളി നിത്യരോഗത്തിലേക്ക്

വർധിച്ച മരുന്നുപയോഗം മലയാളികളെ നിത്യരോഗികളാക്കുന്നതായി പഠനം .ഇന്ത്യയിലെ മരുന്നുവില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനംവരെ കേരളത്തിലാണ്. കേരളത്തില്‍ ഏറ്റവും ചൂഷണം നടക്കുന്ന മേഖലയാണ് ആരോഗ്യരംഗം. മരുന്നുമാഫിയയ്ക്കു പടര്‍ന്നുപന്തലിക്കാന്‍ വളക്കൂറുള്ള മണ്ണാണ്. ഇന്ത്യക്ക് അകത്തും പുറത്തും നിര്‍മിക്കുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കേരളത്തില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം ആറായിരംകോടി രൂപയുടെ മരുന്നു വില്‍ക്കുന്നുണ്ടെന്നും ഇതില്‍ 1500 കോടി രൂപയുടെ മരുന്ന് ഗുണനിലവാരമില്ലാത്തതോ വ്യാജമോ ആണെന്നും പറയപ്പെടുന്നു. കാലാവധികഴിഞ്ഞ മരുന്നുപോലും റീപായ്ക്ക് ചെയ്തു വില്‍ക്കുന്നുണ്ടെന്നാണു വിവരം.

കര്‍ണാടക കെ.എല്‍.ഇ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി നടത്തിയ പഠനത്തില്‍ ആരോഗ്യത്തിനു ഹാനികരമായ സംയുക്തങ്ങള്‍ ചേര്‍ത്താണു പല കമ്പനികളും മരുന്നുനിര്‍മിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണ അസുഖങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിച്ചുവരുന്ന 344 മരുന്നുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനെതിരേ മരുന്നുകമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസ് നിലവിലുള്ളതിനാല്‍ നിരോധനം നടപ്പായില്ല. ഇതേക്കുറിച്ചു പഠിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഡ്രഗ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഫലത്തില്‍ നിരോധനാപട്ടികയിലെ മരുന്നുകളെല്ലാം വിറ്റുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അവ സുലഭമാണ്. മരുന്നുമാഫിയയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും തമ്മില്‍ അവിഹിതബന്ധം നിലനില്‍ക്കുന്നതായി ആരോപണമുണ്ട്. കേരളസമൂഹം കോര്‍പറേറ്റുകളുടെ മരുന്നുപരീക്ഷണങ്ങള്‍ക്കു വിധേയമാകുന്നുവെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.അവശ്യമരുന്നുകള്‍ രോഗിക്കു നല്‍കുന്നതിനു പകരം അനാവശ്യമരുന്നും അമിതഡോസ് മരുന്നും നല്‍കി കൊള്ളയടിക്കുന്നു വന്‍കിട ആശുപത്രികള്‍. അതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ, ചില ഡോക്ടര്‍മാരാണെന്നതും കേരളത്തില്‍ എത്രയോ കാലമായി നടക്കുന്ന ചര്‍ച്ചയാണ്.

സംസ്ഥാനത്ത് പല മരുന്നുവിതരണശൃംഖലയുടെയും പിന്നില്‍ ചില ഡോക്ടര്‍മാരെയോ അവരുടെ ബിനാമികളെയോ കാണാം. മരുന്നുകമ്പനികളുടെ കമ്മിഷന്‍, ഉപഹാരങ്ങള്‍, വിദേശയാത്രകള്‍ എന്നിവ കൈപ്പറ്റുന്നവര്‍ ധാരാളം. മരുന്നുകമ്പനികളുമായുള്ള ധാരണയുടെ ഫലമായി മരുന്നിന്റെ ജനറിക് നാമത്തിനു പകരം കമ്പനികള്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ പേരാണ് എഴുതുന്നത്. ഡോക്ടര്‍മാരില്‍ പലര്‍ക്കും ഇഷ്ട ലാബുകളുണ്ട്. അവിടെ ഓരോ പരിശോധനയ്ക്കും ഇവര്‍ക്കു കമ്മിഷന്‍ ലഭിക്കും.

മരുന്നുമാഫിയയുടെ കൊള്ള അവസാനിപ്പിച്ചു സാധാരണക്കാര്‍ക്കു കുറഞ്ഞനിരക്കില്‍ ജനറിക് മരുന്നു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ജന്‍ഔഷധി കേന്ദ്രങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടു. രാജ്യത്ത് ആരംഭിച്ച 378 സ്‌റ്റോറുകളില്‍ കേരളത്തില്‍ തുടങ്ങിയത് 20 ല്‍പരം മാത്രം. മരുന്നുകള്‍ക്കും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കും പൊതുവിപണിയിലേതിനേക്കാള്‍ 30 മുതല്‍ 70 ശതമാനംവരെയാണ് ജന്‍ഔഷധി മെഡിക്കല്‍ ഷോപ്പുകളിലെ കിഴിവ്.
ആയുര്‍വേദ മരുന്നുകളുടെപേരിലും വ്യാജന്മാര്‍ ധാരാളമുണ്ട്. ആകര്‍ഷക പരസ്യങ്ങള്‍നല്‍കി ഉത്തേജക, സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പന സംസ്ഥാനത്തു വ്യാപകമാണ്. കേരളത്തില്‍ ചിലമരുന്നുകളുടെ നേരിട്ടുള്ള വിതരണം നടത്തുന്ന മണിച്ചെയിന്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പുകളും ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഉല്‍പ്പന്നങ്ങളിലൂടെ പണംനല്‍കി പാര്‍ശ്വഫലങ്ങള്‍ ഇരന്നുവാങ്ങിയവരും നാട്ടില്‍ ധാരാളം. ഇത്തരം ചൂഷണങ്ങള്‍ തടയാനോ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ല.

ഗൗരവമേറിയ രോഗങ്ങളായ പ്രമേഹം, കാന്‍സര്‍ തുടങ്ങി സുഖപ്രസവത്തിനുവരെ അനധികൃത ഒറ്റമൂലി കേന്ദ്രങ്ങള്‍, പ്രകൃതിചികിത്സാലയങ്ങള്‍ തുടങ്ങിയവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. മലയോരമേഖലകളിലും ഉള്‍പ്രദേശങ്ങളിലുമാണ് ഇവ കൂടുതലും. പലതും പ്രാകൃത ചികിത്സയാണ്. ചികിത്സയിലൂടെ രോഗം മൂര്‍ച്ചിക്കുകയും മരണം സംഭവിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വെന്നിയൂരില്‍ അനധികൃത പ്രകൃതിചികിത്സാകേന്ദ്രത്തില്‍ പ്രസവത്തിനിടെ കുഞ്ഞു മരിച്ചസംഭവം ഏറെ വിവാദമായിരുന്നു.
മലയാളികളുടെ അനാരോഗ്യസ്ഥിതി മുതലെടുക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം പൈല്‍സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്ത്, അസം തുടങ്ങി അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തി പൈല്‍സ് ചികിത്സ നടത്തുന്ന ‘ഡോക്ടര്‍’മാര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെന്ന് അന്വേഷണങ്ങള്‍ തെളിയിക്കുന്നു. സ്റ്റിറോയ്ഡ് അടക്കം ആരോഗ്യത്തിന് ഏറെ ഹാനികരമായ വസ്തുക്കള്‍ ചികിത്സിക്ക് ഉപയോഗിക്കുകയും കൂടുതല്‍ പണം വസൂലാക്കി പിന്നീട് അപ്രത്യക്ഷമാകുകയുംചെയ്ത സംഭവങ്ങള്‍ ധാരാളം.

അനധികൃതവും നിരോധിക്കപ്പെട്ടതുമായ മരുന്നുവില്‍പ്പന 1940ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 27, 27 എ, 28, 28 എ, 28 ബി, 29,30 നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍, കടപരിശോധന നടത്തുന്നതിനുപകരം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ അങ്ങോട്ടുചെന്നു ‘കാണുന്ന’ പ്രവണതയാണു കേരളത്തില്‍ മിക്കയിടങ്ങളിലും.
നിരോധിക്കപ്പെട്ടതും അനധികൃതവുമായ മരുന്നു വില്‍പ്പനയ്ക്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തു പിടികൂടിയത് 22 കേസുകള്‍ മാത്രമാണ്. ജീവന്‍രക്ഷാമരുന്നുകളില്‍വരെ കൃത്രിമക്ഷാമം സൃഷ്ടിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷം കേരളത്തില്‍ വ്യാപകമാണ്. കാന്‍സര്‍മരുന്നുകള്‍ക്കുപോലും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടിവിലയാണ് സ്വകാര്യമേഖലയില്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. കുറിപ്പടിയില്ലാതെ കഫ് സിറപ്പുകള്‍ അടക്കമുള്ള മരുന്നുകള്‍ നല്‍കുന്നതും വ്യാപകമാണ്.