ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഫ്രണ്ട് ലൈന്‍ മാസിക

ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഫ്രണ്ട് ലൈന്‍ മാസിക.വേഴ്സസ് ഓഫ് ഗ്രീഫ് ആന്‍ഡ് ആങ്കര്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം.ഓഖി ദുരന്തം നേരിടുന്നതിന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ താരതമ്യം ചെയ്തു കൊണ്ടാണ് ലേഖനം.ഓഖിയെ തുടര്‍ന്ന് കടലില്‍ കാണാതായവരുടേയും മരണപ്പെട്ടവരുടേയും എണ്ണം നിശ്ചയിക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇതോടെ ദുരിതബാധിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ വിതരണവും മുടങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തങ്ങളെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട് സര്‍ക്കാരിനെ അപേക്ഷിച്ച്‌ കേരള സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കൂടുതലായി പരിഗണിക്കുന്നുണ്ടെന്ന് തമിഴ് മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച്‌ ലേഖനം പറയുന്നു.
ഓഖി ദുരന്ത ബാധിതര്‍ക്ക് വേണ്ടി പിണാറായി വിജയന്‍ പ്രവര്‍ത്തിക്കുമ്ബോള്‍ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി ആര്‍.കെ നഗറില്‍ വോട്ടിന് വേണ്ടി ഓടുകയായിരുന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു