വൃദ്ധമാതാവിന് ക്രൂര മര്‍ദ്ദനം: മകളും മരുമകനും അറസ്റ്റില്‍

കണ്ണൂർ∙ പയ്യന്നൂരില്‍ 75 വയസ്സുള്ള അമ്മയെ ക്രൂരമായി മര്‍ദിച്ച മകളെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകൾ ചന്ദ്രമതിക്കും ഭർത്താവിനുമെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്ന് കണ്ണൂർ എസ്പി അറിയിച്ചു. അമ്മ കാർത്ത്യായിനിയെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയി. അമ്മയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി, അമ്മ കാര്‍ത്ത്യായനിയെ സ്ഥിരമായി മര്‍ദിക്കുന്നെന്നു കാണിച്ചു സഹോദരന്‍ കുന്നുമ്മല്‍ വീട്ടില്‍ വേണുഗോപാലാണു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലുകൊണ്ടും അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണു മകന്‍ പരാതി നല്‍കിയത്. അമ്മയെ സഹോദരി വീട്ടിലിട്ടു മര്‍ദിക്കുന്നതു പതിവാണെന്നു പരാതിയില്‍ പറയുന്നു. ഈ മാസം 24നു താന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. സരോജിനിയെ മകള്‍ ചന്ദ്രമതി കൈകൊണ്ടും ചൂലുകൊണ്ടും തുടര്‍ച്ചയായി അടിക്കുന്നതും അസഭ്യം പറഞ്ഞു തള്ളിപ്പുറത്താക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്.

സ്വത്തു കൈക്കലാക്കിയശേഷം ചന്ദ്രമതി അമ്മയെ ഉപദ്രവിക്കുകയാണെന്നും മകന്‍ പരാതിപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ഇരുകൂട്ടരോടും ചൊവ്വാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നാണു ചന്ദ്രമതിയുടെ വിശദീകരണം.