ഷെറിന്‍ മാത്യുസിന്റെ കൊലപാതകം ; ദമ്പതികളുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തു മകളായ ഷെറിന്‍ മാത്യുസ് എന്ന മൂന്നുവയസ്സുകാരിയുടെ മരണവാര്‍ത്ത ലോകത്തെ ഞെട്ടിച്ച സംഭമായിരുന്നു. ഷെറിന്‍ മാത്യൂസിന്റെ മരണത്തിലെ ദുരൂഹത തന്നെയാണ് ഈ ഞെട്ടലിനു കാരണവും. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ വളര്‍ത്തച്ഛനും, വളര്‍ത്തമ്മയും പിടിയിലാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഷെറിനെ ദത്തെടുത്ത മലയാളി ദമ്പതികള്‍ ബോധപൂര്‍വ്വം തന്നെ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണ് ഷെറിന്‍ മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന തരത്തിലുള്ള മൊഴിയാണ് മലയാളി ദമ്പതികള്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസം ഏഴാം തീയതിയാണ് ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തെത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇരുവരും ഇപ്പോള്‍. ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു കുഞ്ഞുമുണ്ട്. സ്വന്തം കുഞ്ഞിനു വേണ്ടി ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.