എ.കെ.ജിയെ അവഹേളിച്ച വി. ടി ബല്‍റാം മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ.കെ.ജിയെ അവഹേളിച്ച വി. ടി. ബല്‍റാം എം.എല്‍.എ മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ധീരമായ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.കെ.ജിയെ രാഷ്ട്രീയ ഭേദമില്ലാതെ ആദരിക്കുന്നതാണ് ഇന്നുവരെ കണ്ടിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കുറച്ചുനാള്‍ മുമ്പ് ഇടുക്കിയില്‍ പോയപ്പോള്‍ പഴയ തലമുറയില്‍പ്പെട്ടവര്‍ അമരാവതി സമരത്തെക്കുറിച്ച് പറഞ്ഞതാണ് ഓര്‍ത്തതെന്നും അവരില്‍ ചിലര്‍ കോണ്‍ഗ്രസ്സുകാരായിരുന്നെന്നും കടകംപിള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എ.കെ.ജിയെ അവഹേളിച്ചതിലൂടെ ബല്‍റാം ഈ സാധാരണക്കാരെ കൂടിയാണ് വേദനിപ്പിച്ചതെന്നും കടകംപിള്ളി വ്യക്തമാക്കി.

എ.കെ.ജി ബാല പീഢകനാണെന്ന ബല്‍റാമിന്റെ ഫേസ്ബുക്ക് കമന്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും ബല്‍റാമിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം രൂക്ഷമായതോടെ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ദി ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മറുപടി.

വിവാഹ സമയത്ത് സുശീല ഗോപാലന്റെ പ്രായം 22 വയസായിരുന്നു. അങ്ങനെയെങ്കില്‍ പത്ത് വര്‍ഷം നീണ്ട പ്രണയത്തില്‍ അവര്‍ക്ക് എത്ര വയസുണ്ടാകുമെന്ന് കണക്കാക്കാവുന്നതേ ഉള്ളൂ എന്നാണ് വാദം. എ.കെ.ജിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് നടക്കില്ലെന്നും ബല്‍റാം വിശദീകരിച്ചിരുന്നു.