പ്രവാസികള്‍ക്ക് ഇനിമുതല്‍ വീടുകളില്‍ വച്ചും വിവാഹിതരാകാം

സൗദി: പ്രവാസികള്‍ക്ക് ഇനിമുതല്‍ വീടുകളില്‍ വച്ചും കല്യാണച്ചടങ്ങുകള്‍ നടത്താന്‍ സൗദിയില്‍ അനുമതി. നേരത്തേ കോടതികളില്‍ വച്ച് മാത്രം അനുവദിക്കപ്പെട്ടിരുന്ന കല്യാണച്ചടങ്ങുകള്‍ വീടുകളില്‍ വെച്ച് നടത്താന്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ക്ക് സൗദി നീതിന്യായ മന്ത്രാലയം അനുവാദം നല്‍കിയതോടെയാണിത്.

ഇതുമൂലം വിവാഹിതരാവുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമുണ്ടാവുന്ന പ്രയാസം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ റിയാദിലും മദീനയിലുമുള്ള വിവാഹക്കോടതികളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് പുതിയ രീതിയിലുള്ള വിവാഹത്തിന് അനുമതി നല്‍കുക. പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും. പക്ഷെ, തുടക്കത്തില്‍ അറബി ഭാഷ സംസാരിക്കുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പുതിയ തീരുമാനപ്രകാരം കോടതിയുടെ പ്രതിനിധിയായി വിവാഹ ഓഫീസര്‍മാര്‍ വീടുകളില്‍ നടക്കുന്ന വിവാഹ കര്‍മങ്ങളില്‍ ഹാജരായി രജിസ്റ്ററില്‍ ബന്ധപ്പെട്ടവരെ കൊണ്ട് ഒപ്പുവയ്പ്പിക്കും.

വിവാഹം വീട്ടില്‍ വച്ച് നടത്താനാഗ്രഹിക്കുന്നവര്‍ അക്കാര്യം കാണിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.ഇഖാമ ഉള്‍പ്പെടെയുള്ള രേഖകളാണ് ഇങ്ങനെ രജിസ്‌ട്രേഷന്‍ നടത്താന്‍ വേണ്ടത്. പുതിയ രീതിയില്‍ വീട്ടിലെത്തി കല്യാണം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകിച്ച് ഫീസ് നല്‍കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.മുമ്പ് സൗദികള്‍ക്ക് മാത്രമാണ് വീടുകളില്‍ വെച്ച് വിവാഹം നടത്താന്‍ അവകാശമുണ്ടായിരുന്നത്.പ്രവാസികളായ വരനും വധുവും വധുവിന്റെ പിതാവും സാക്ഷികളുമെല്ലാം കോടതിയിലെത്തി വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷം വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുകയാണ് നിലവിലെ രീതി.