വെള്ളാപ്പള്ളിയുടെ എരപ്പാളി പ്രയോഗത്തിന് മറുപടിയുമായി സുധീരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. തികഞ്ഞ ഗുരുനിന്ദ നടത്തുന്ന വെള്ളാപ്പള്ളി ജനങ്ങള്‍ക്കിടയില്‍ സ്വയം പരിഹാസ്യനാകുകയാണെന്നും അദ്ദേഹത്തിന്റ അഭിപ്രായങ്ങള്‍ സ്വന്തം നിലവാരത്തിന്റേയും സംസ്‌കാരത്തിന്റേയും തെളിവാണന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശ്രീനാരായണഗുരു വിലക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നയാളാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയ പ്രസംഗം നിയമവിരുദ്ധമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ്സെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായും സുധീരന്‍ പറഞ്ഞു.
ഒരു പ്രസംഗത്തിന്റ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സുധീരന്‍ എരപ്പാളിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലക്ക് കത്തെഴുതിയ ആളാണ് സുധീരന്‍. സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ വച്ച് തൊഴിച്ച് ഇറക്കി വിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.