എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്. മാപ്പു പറയണമെങ്കില്‍ ആദ്യം കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയട്ടെ. വി.ടി ബല്‍റാം മാപ്പു പറയുന്ന കാര്യം അതിനു ശേഷം തീരുമാനിക്കാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

നെഹ്‌റു കുടുംബത്തിനെതിരെ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാപ്പുപറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

അതേസമയം, വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തുവന്നിരുന്നു.