മോദിക്കെതിരെ വേറിട്ട പ്രതിഷേധം: അധികാരത്തില്‍ നിന്ന് ഇറങ്ങുംവരെ തലമുടി പകുതിവടിച്ചു നടക്കുമെന്ന് യഹിയ

കൊല്ലം: നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ 70കാരന്റെ വേറിട്ട പ്രതിഷേധം. കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയയാണു മോദി അധികാരത്തില്‍ നിന്നിറങ്ങും വരെ തലമുടി പാതിവടിച്ചു നടക്കുമെന്നു ശപഥം ചെയ്തത്.
പഴയ നോട്ടുകള്‍ മാറാനാകാതെ അടുപ്പിലിട്ട് കത്തിക്കേണ്ടിവന്ന ഒരു ചായക്കടക്കാരന്റെ രോഷ പ്രകടനം ഫേസ് ബുക്ക് വഴിയാണ് പുറംലോകമറിഞ്ഞത്. ‘ഒരു മുന്‍ ചായവില്‍പ്പനക്കാരനോട് ഒരു തട്ടുകടക്കാരന്റെ മന്‍ കി ബാത്ത് ‘എന്ന തലക്കെട്ടില്‍ കേരളാ സര്‍വകലാശാല ചരിത്രാധ്യാപകനായ അഷ്റഫ് കടയ്ക്കലാണു തന്റെ നാട്ടുകാരനായ യഹിയയുടെ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സഹകരണ ബാങ്കില്‍ മാത്രം അക്കൗണ്ടുള്ള യഹിയക്ക് പണം നിക്ഷേപിക്കാനായില്ല. ബാങ്കിനു മുന്നില്‍ ക്യൂ നിന്നു തളര്‍ന്നുവീണു പണം അടുപ്പിലിട്ട് ചാരമാക്കുകയായിരുന്നു. ഭൂമി വിറ്റു ഗള്‍ഫില്‍ പോയെങ്കിലും ലഭിച്ചത് ആടുജീവിതമായതിനാല്‍ നാട്ടിലെത്തിയാണു യഹിയ തട്ടുകട തുടങ്ങിയത്. രാപകലില്ലാതെ ഒറ്റയ്ക്ക് ജോലിയെടുത്ത് 23000 രൂപ സമ്പാദിച്ചു.

നോട്ട് നിരോധനത്തോടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രണ്ടു ദിവസം ക്യൂവില്‍ നിന്നു. രണ്ടാം നാള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞു കുഴഞ്ഞു വീഴാറായപ്പോള്‍ കണ്ടുനിന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാക്കി.
അവിടെ നിന്ന് മടങ്ങിയെത്തിയാണ് അടുപ്പില്‍ തീ കൂട്ടി നോട്ടുകളെല്ലാം കത്തിച്ചത്. പ്രതിഷേധത്തോടെ അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി പാതി വടിച്ചിറക്കി ശപഥം ചെയ്തത്.