ലോക കേരള സഭ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ പുതിയ അധ്യായം

തിരുവനതപുരം:ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവില്‍ വന്നു. കേരള നിയമസഭയില്‍ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയുന്ന സഭ എന്ന നിലയിലാണ് ലോക കേരള സഭ വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള കേരളീയര്‍ എന്ന വേര്‍തിരിവ് ഇല്ലാതാകുന്നതോടുകൂടി ലോകകേരളസമൂഹംതന്നെ പിറവിയെടുക്കും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30ന് ദേശീയഗാനാലാപനത്തോടെയാണ് പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കമായത്. സഭാ സെക്രട്ടറി ജനറല്‍ പോള്‍ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപ നേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ആന്റോ ആന്റണി എംപി, എം എ യൂസഫലി, എം അനിരുദ്ധന്‍, സി പി ഹരിദാസ്, രേവതി എന്നിവരടങ്ങുന്ന പ്രസിഡിയം സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എം എ യൂസഫലി, രവി പിള്ള, സി കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.