ശ്രീജിത്തിന് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സി.കെ വിനീത്.

മുംബൈ: സഹോദരന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സി.കെ വിനീത്. നീതിയ്ക്കു വേണ്ടിയുള്ള നിന്റെ പോരാട്ടത്തില്‍ ഞങ്ങളും അണിചേരുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു വിനീത് രംഗത്തെത്തിയത്.ബ്ലാസ്റ്റേഴ്‌സിലെ മറ്റൊരു മലയാളി താരമായ റിനോ ആന്റോയ്‌ക്കൊപ്പമുള്ള തന്റെ ചിത്രമുള്‍പ്പടെയാണ് വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്തിന് പിന്തുണയറിയിച്ചത്. വിജയം ശ്രീജിത്തിന് സമര്‍പ്പിക്കുന്നതായും വിനീത് പറയുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഇതിന് പിന്നാലെയായിരുന്നു വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് 2015 മെയിലാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവത്തില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കേസ് സിബിഐക്ക് വിടണം എന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. ഇതേത്തുടര്‍ന്ന് ഏറെ നാളായി യുവാവ് നിരാഹാരസമരത്തിലാണ്.

അതേസമയം ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ യുവാവിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ എത്തിയിരുന്നു.