ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ വെച്ചു നടന്ന വിവാഹമാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ വെച്ചു നടന്ന വിവാഹമാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേം വിഷയത്തില്‍ ഇസ്രഈലിനെതിരെ യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തത് നിരാശപ്പെടുത്തിയെങ്കിലും അതൊന്നും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ശനത്തോടെ ടെക്‌നോളജി, കൃഷി തുടങ്ങി ലോകത്തെ മാറ്റിമറിക്കുന്ന ഏതുമേഖലയിലും ഇന്ത്യയും ഇസ്രഈലുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അതെ, സ്വാഭാവികമായും ഞങ്ങള്‍ നിരാശരായി. പക്ഷേ ഞങ്ങളുടെ ബന്ധം ഒരുപാട് മുന്നോട്ടുപോയി എന്നതിന്റെ തെളിവാണ് ഈ സന്ദര്‍ശനം.’ യു.എന്നില്‍ ഇസ്രഈലിനെതിരെ വോട്ടുചെയ്ത ഇന്ത്യന്‍ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ആദ്യന്തികമായി, ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. അവിടുത്തെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍. ഇന്ത്യയും ഇസ്രഈലും തമ്മിലുളള പങ്കാളിത്തം സ്വര്‍ഗത്തില്‍ നടന്ന് ഭൂമിയില്‍ വെച്ച് പവിത്രമാക്കിയ വിവാഹമാണ്. ‘ നെതന്യാഹു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ‘മഹാനായ നേതാവ്’ എന്നാണ് നെതന്യാഹു മോദിയെ വിശേഷിപ്പിച്ചത്.

ജറുസലേമിനെതിരെ ഇസ്രഈല്‍ തലസ്ഥാനമാക്കിക്കൊണ്ടുളള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് യു.എന്നില്‍ വോട്ടു ചെയ്ത 127 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. 9നെതിരെ 127 വോട്ടുകള്‍ക്കാണ് ട്രംപിന്റെ തീരുമാനത്തിനെതിരായ പ്രമേയം യു.എന്‍ പൊതുസഭയില്‍ പാസായത്.