ട്രോളന്‍മാരേ നന്ദി: സലിം കുമാര്‍

-ക്രിസ്റ്റഫര്‍ പെരേര-
മൂന്ന് വര്‍ഷം ചികില്‍സയിലായിരുന്ന എന്നെ ലൈംലൈറ്റില്‍ നിര്‍ത്തിയ ട്രോളന്‍മാര്‍ക്ക് നന്ദി. മറന്ന് പോയ എത്രയോ സിനിമകളിലെ ഡയലോഗ് കണ്ടെടുത്ത് അവര്‍ ട്രോള്‍മഴ പെയ്യിക്കുന്നു. അവരുടെ സര്‍ഗാത്മകത കണ്ട് പലപ്പോഴും പലരും അസൂയപ്പെടുന്നു’ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പഴയ കോമഡി വേഷങ്ങളിലേക്ക് തിരിച്ച് വന്ന സലിംകുമാര്‍ പറഞ്ഞു. ഇതിന് മുമ്പ് തോപ്പില്‍ ജോപ്പനില്‍ അഭിനയിച്ചെങ്കിലും അത് ഇത്തിരി സീരിയസ് വേഷമായിരുന്നു. ചികില്‍സയിലിരുന്ന കാലം വെറുതെയിരുന്നില്ല. നല്ല പുസ്തകങ്ങള്‍ വായിച്ചു, സിനിമകള്‍ കണ്ടു, രണ്ട് തിരക്കഥ എഴുതി. രണ്ട് ചെറിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കമ്പാര്‍ട്ട്‌മെന്റും കറുത്ത ജൂതനും. കറുത്തജൂതന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്.
വിളിക്കാത്ത കല്യാണത്തിന് പോകാന്‍ പറ്റുമോ?
പലരും ചോദിക്കാറുണ്ട് ഷാഫിയുടെ സിനിമകളില്‍ ചെയ്ത കോമഡി കഥപാത്രങ്ങള്‍ എന്തേ അവതരിപ്പിക്കാത്തതെന്ന്. സത്യം പറഞ്ഞാല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍പ്പിന്നെ ആരും മീശമാധവനിലെ മുകുന്ദനുണ്ണി വക്കീലിനെ പോലെയോ, പുലിവാല്‍ കല്യാണത്തിലെ പലിശക്കാരനായ മണവാളന്‍ തുടങ്ങിയ വേഷങ്ങള്‍ ചെയ്യാന്‍ ആരും വിളിച്ചില്ല. വിളിക്കാത്ത കല്യാണത്തിന് പോകാന്‍ പറ്റുമോ? സലിംകുമാര്‍ തന്റെ ട്രേഡ്മാര്‍ക്ക് ചിരി പാസാക്കി. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നക്‌സലൈറ്റ് ചന്ദ്രന്റെ പേര് കേട്ടാല്‍ ആരും ഞെട്ടും. പക്ഷെ, ചന്ദ്രനെങ്ങനെ നക്‌സലൈറ്റ് ആയെന്ന കഥ കേട്ടാല്‍ ആരും ചിരിച്ച് പോകും. അതുകൊണ്ടാണ് ആ വേഷം ചെയ്യാന്‍ തീരുമാനിച്ചത്.
ഷാഫിയോടും നാദിര്‍ഷയോടും നോ പറഞ്ഞു
ഷാഫിയും നാദിര്‍ഷയും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഷാഫിയുടെ ആദ്യ സിനിമ മുതല്‍ എല്ലാത്തിലും ഞാനുണ്ട്. എന്നാല്‍ ടു കണ്‍ട്രീസില്‍ അഭിനയിക്കാന്‍ ഷാഫി വിളിച്ചപ്പോള്‍ നോ പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല, ആരോഗ്യപ്രശ്‌നം ഉള്ളതിനാലായിരുന്നു. ഞാന്‍ കാരണം അവര്‍ക്കൊരു ബുദ്ധിമുട്ടുണ്ടാകരുത്. കാനഡയിലായിരുന്നു ചിത്രീകരണം. ഞാന്‍ കാരണം ഒരു ദിവസത്തെ ഷൂട്ട് മുടങ്ങിയാല്‍ നിര്‍മാതാവിന് വലിയ നഷ്ടം സംഭവിക്കും. ഷൂട്ടിംഗ് പകുതിയോളം കഴിഞ്ഞ് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായാലോ? നിര്‍മാതാവ് രഞ്ജിത്തിനോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ സ്‌നേഹപൂര്‍വമാണ് ടു കണ്‍ട്രീസിലെ വേഷം വേണ്ടെന്ന് പറഞ്ഞത്. അമര്‍ അക്ബര്‍ ആന്റണി തുടങ്ങും മുമ്പേ നാദിര്‍ഷ വിളിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പറ്റില്ലെന്ന് പറഞ്ഞു. അടുത്ത സിനിമയില്‍ ഉറപ്പായും കാണുമെന്ന് പറഞ്ഞു. അങ്ങനെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ എത്തുന്നത്. നാദിര്‍ഷയുടെ ആദ്യ സിനിമയിലെ നായകന്‍ ഞാനാണ്. ഉണക്കച്ചെമ്മീന്‍ എന്നൊരു സ്പൂഫ് ഫിലിം നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു. അതില്‍ അഭിനയിക്കാമെന്നേറ്റയാള്‍ അവസാനം പിന്‍മാറി. അങ്ങനെ നാദിര്‍ഷ എന്നെ നായകനാക്കി.
അവാര്‍ഡിലും റെക്കോഡ്
ഒരു നടന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന എല്ലാ അവാര്‍ഡുകളും നേടിയ ഒരേ ഒരു നടന്‍ എന്ന റെക്കോഡ് ഞാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച നടന്‍(ആദാമിന്റെ മകന്‍ അബു) , സഹനടന്‍ ( അച്ഛനുറങ്ങാത്ത വീട്), മികച്ച കോമഡിയന്‍ (അയാളും ഞാനും തമ്മില്‍), മികച്ച നടന്‍ (പരേതന്റെ പരിഭവങ്ങള്‍- ടെലിവിഷന്‍).
വായന തുടങ്ങിയത് ത്വാത്വിക അവലോകനത്തിന്

വായനയാണ് എന്നിലെ കലാകാരനെ നിലനിര്‍ത്തുന്നത്. പണ്ട് എന്റെ സുഹൃത്തുക്കള്‍ വളരെ ബുദ്ധിപരമായി അഭിപ്രായങ്ങള്‍ പറയുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരായ അവര്‍ പാര്‍ട്ടിക്ലാസുകളില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. കോണ്‍ഗ്രസുകാരനായ എനിക്ക് അതിനൊന്നും ഇടമില്ലായിരുന്നു. അങ്ങനെ സഖാക്കളുമായി താത്വിക അവലോകനം നടത്താനാണ് വായനയിലേക്ക് തിരിഞ്ഞത്. അത് കരിയറിനെ ഏറെ സഹായിച്ചു. ഇപ്പോഴത്തെ ന്യൂജെന്‍ പിള്ളേരൊന്നും വായിക്കാറില്ല. ഭാവിയില്‍ അവരും വായനയിലേക്ക് തിരിയുമെന്ന് പ്രതീക്ഷിക്കുന്നു.

___________________