സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. പ്രശ്‌നപരിഹാരം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടാണ് തന്റെ നിരീക്ഷണമെന്നും കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാവിലെയാണ് തര്‍ക്കമുണ്ടായത്. മുതിര്‍ന്ന ജഡ്ജിമാരുടെ പ്രസ്താവനയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതിഷേധം അറിയിച്ചു. ഇന്നലെ രാവിലെ ചായ സമയത്താണ് അരുണ്‍ മിശ്ര പ്രതികരിച്ചത്. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയര്‍ ജഡ്ജിമാര്‍ കഴിവുകെട്ടവരെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വറിനോടാണ് അരുണ്‍ മിശ്ര ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിക്കാതെ മൗനം പാലിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ലോയ കേസില്‍ വാദം കേള്‍ക്കുന്നത്.സുപ്രീംകോടതിയിലെ പ്രതിസന്ധി നാലുദിവസം പിന്നിടുമ്പോഴും ചീഫ് ജസ്റ്റിസും പ്രതിഷേധമുയര്‍ത്തിയ നാല് ജഡ്ജിമാരും സമവായത്തിലെത്തിയില്ല. സൊഹ്റാബുദ്ദിന്‍ ഷെയ്ഖ് വധക്കേസില്‍ വാദംകേട്ട ജഡ്ജിയുടെ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന് അമിതതാല്‍പര്യമുളള ബെഞ്ചിന് വിട്ടതിനെ തുടര്‍ന്നായിരുന്നു വെളളിയാഴ്ചത്തെ വാര്‍ത്താസമ്മേളനം. എന്നാല്‍, ബെഞ്ച് മാറ്റാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും, എം.എം.ശാന്തനഗൗഡരും അടങ്ങിയ ബെഞ്ച് അന്‍പത്തിയൊന്നാമത്തെ കേസായി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, കേസ് രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസിലാണ് മുംബൈ സിബിഐ കോടതി ജഡ്ജിയായിരുന്ന ലോയ വാദം കേട്ടത്. അതേസമയം, ഇന്ത്യന്‍ ബാര്‍ കൗണ്‍സിലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും റിട്ടയേര്‍ഡ് ജഡ്ജിമാരും പരിഹാരശ്രമങ്ങള്‍ തുടരുകയാണ്. സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാരും മധ്യസ്ഥശ്രമങ്ങളുമായി മുന്നിലുണ്ട്. ചര്‍ച്ചയ്ക്ക് തയാറെന്ന് ചീഫ് ജസ്റ്റിസും ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരും മധ്യസ്ഥശ്രമങ്ങള്‍ക്ക് എത്തിയവരോട് പറയുന്നുണ്ടെങ്കിലും കൊളീജിയമോ ഫുള്‍കോര്‍ട്ടോ ചേരാന്‍ ഇതുവരെ തീരുമാനമായില്ല.

പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി നിലവിലെ ബെഞ്ച് തന്നെ ഇന്ന് പരിഗണിക്കും. മറ്റൊരു ബെഞ്ചില്‍ വിടണമെന്ന ജസ്്റ്റിസ് ജെ.ചെലമേശ്വര്‍ അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തളളിയിരുന്നു.

സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും വിഷയം പരിഹരിച്ചെന്നും നേരത്തെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു. രാവിലെ കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് പതിവുപോലെയുള്ള ചായസത്കാരത്തിനിടയ്ക്ക് ജഡ്ജിമാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയെന്നും ഇതില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നുമാണ് എജി വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ കോടതി ചേരാന്‍ 15 മിനിറ്റോളം വൈകിയിരുന്നു. പതിനൊന്നാം നമ്പര്‍ കോടതി ഇന്നലെ പ്രവര്‍ത്തിച്ചില്ല. ജസ്റ്റിസ് എ.കെ.ഗോയലും, ജസ്റ്റിസ് യു.യു.ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്നലെ പ്രവര്‍ത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലാണ് കോടതി പ്രവര്‍ത്തിക്കാത്തതെന്നായിരുന്നു വിശദീകരണം. വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച 4 ജഡ്ജിമാരുടെ കോടതികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി . ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് തീരുമാനമെടുത്തത്. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് പരിഗണിക്കുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും ബെഞ്ചിലില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതില്‍ കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവരെ ഉള്‍പ്പെടുത്തിയില്ല.

ജനുവരി 12 ന് കോടതിക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തി ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണം.