പത്മാവത് സിനിമയുടെ വിലക്ക് സുപ്രീംകോടതി നീക്കി; സെന്‍സര്‍ ബോര്‍ഡ് അധികാരം നല്‍കിയത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല

ഡെല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവതിന്റെ നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. സിനിമകള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടെന്നും സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ക്രമസമാധാനം തകര്‍ക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി തള്ളുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ്  അധികാരം നല്‍കിയത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ക്രമസമാധാനത്തിന്റെ പേരിലായാലും വിലക്കാന്‍ അധികാരമില്ല. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളാണ് സിനിമ നിരോധിച്ചത്.

ചിത്രത്തിനെതിരെ രജ്പുത് കര്‍ണി സേനയുടെ കടുത്ത പ്രതിഷേധമാണു വന്‍വിവാദമായതും റിലീസ് വൈകിച്ചതും. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. പത്മാവതി എന്നതിനു പകരം പത്മാവത് എന്ന് പേരു മാറ്റാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ വിലക്കുകയായിരുന്നു.