റിയാസ്, ഷംസീര്‍, യു.പി ജോസഫ്, ഗഗാറിന്‍ സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയിലേക്ക്

തിരുവനന്തപുരം: തൃശൂരില്‍ വച്ച് ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ യുവ നേതാക്കളുടെ ഒരു പട തന്നെ സംസ്ഥാന കമ്മറ്റിയിലെത്തും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ യു.പി ജോസഫ്, മഹിളാ അസോസിയേഷന്‍ നേതാവ് കോട്ടയത്ത് നിന്നുള്ള സുജ സൂസന്‍ ജോര്‍ജ്, പാലക്കാട്ട് നിന്നുള്ള വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ കൂടിയായ സലീഹ എന്നിവരാണ് പുതുതായി സി.പി.എം സംസ്ഥാന കമ്മറ്റിയിലെത്താന്‍ സാധ്യതയുള്ളവര്‍.

പുതുതായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗഗാറിനും സംസ്ഥാന കമ്മറ്റിയിലെത്തും. കൂടുതല്‍ യുവ വനിതാ നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ഡി.വൈ.എഫ്.ഐ നേതാവ് പി.പി ദിവ്യ എന്നിവര്‍ക്കും സാധ്യതയുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിട്ടും വി.പി സാനു സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയില്‍ ഇപ്പോഴാണ് എത്തിയത്. വളരെ ജൂനിയറിയ വി.പി സാനുവിനെ ഒറ്റയടിക്ക് സംസ്ഥാന കമ്മറ്റിയിലെടുക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമാകും നിര്‍ണ്ണായകമാവുക.

അതേസമയം, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായ സി.എച്ച് ആഷിഖ് ദീര്‍ഘകാലമായി സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയില്‍ മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍ ഇദ്ദേഹത്തെ പോലെ ഒരു കാലത്ത് തെരുവില്‍ ചോര ചിന്തിയ നേതാക്കളെ ഇനിയും സി.പി.എം നേതൃത്വം പരിഗണിക്കാതെയിരിക്കില്ല എന്ന പ്രതീക്ഷയിലാണ് അണികള്‍.

സമാനമായ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ നേതാവാണ് യു .പി ജോസഫും. ഇരുവരും ഒരേ കാലയളവില്‍ സംസ്ഥാനത്തെ പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്നു. പൊലീസിന്റെ കിരാതമായ മര്‍ദ്ദനങ്ങള്‍ സ്വയം ഏറ്റുവാങ്ങി സമരത്തിന്റെ മുന്നണി പോരാളികളായി തെരുവില്‍ നിരവധി തവണ ചോര ചിന്തിയ യു.പി ജോസഫിന്റെയും ആഷിഖിന്റെയും മുഖങ്ങള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ സെന്‍സേഷനായിരുന്നു.

ഇവരുടെ പിന്‍ഗാമികളായി എസ്.എഫ്.ഐ നേതൃതലത്തില്‍ വന്ന പി.രാജീവ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, ടി.വി രാജേഷ്, പി.കെ ബിജു, എം.സ്വരാജ് തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി മാറിയപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ തളയ്ക്കപ്പെടുകയായിരുന്നു ഈ പോരാളികള്‍.