പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു

ഹരിയാന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. ഹരിയാന യമുന നഗറിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം. സ്വന്തം പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വിദ്യാര്‍ഥി അധ്യാപികയായ റീത്തു ചബ്രയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പര്ിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ച്ചയായി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്നു വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. ഇന്ന് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാര്‍ വിദ്യാര്‍ഥിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെതുടര്‍ന്നുമാണ് വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പല്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

ഡല്‍ഹിയിലെ റയാന്‍ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥി രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ലഖ്‌നൗവില്‍ ഒന്നാം ക്ലാസ്സുകാരനെ ആറാം ക്ലാസ്സുകാരി കത്തി കൊണ്ട് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തകാലങ്ങളിലായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ സംഭവമാണിത്.