കേരള അസ്സോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം

ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. ജനുവരി 6 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഗാര്‍ലന്റ് റോസ് ഹില്‍ റോഡിലുള്ള റോഡിലുള്ള സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ആന്‍ മേരി ജയന്‍ അമേരിക്കന്‍ ദേശീയഗാനവും കേരള അസോസിയേഷനിലെ മലയാളം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് മുഖ്യാതിഥിയായി പുതുവത്സര സന്ദേശം നല്‍കി

അമേരിക്കയിലെ എല്ലാ മലയാളി അസോസിയേഷനുകളും കേരള അസോസിയേഷന്‍ ഓഫ് ഡാളസിനെ ഒരു ഉത്തമമാതൃകയായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 പ്രതീക്ഷയുടെയും പ്രത്യാശയുടെയും വര്‍ഷമാണ്. പുതുപുത്തന്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള സമയമാണെന്നും ക്രിസ്തുദേവന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത്തായ സന്ദേശം എന്നും നിലനില്‍ക്കുന്നതും നിലനിര്‍ത്തേണ്ടതുമാണെന്നും ക്രിസ്മസ് പുതുവത്സര സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു

കേരള അസോസിയേഷന്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അവതരിക്കപ്പെട്ട നേറ്റിവിറ്റി സീന്‍ വളരെയേറെ പ്രശംസ നേടി. രംഗ സംവിധാനവും പ്രകാശനിയന്ത്രണവും ഹരിദാസ് തങ്കപ്പന്‍ , അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ഷെറിന്‍ ജോര്‍ജ് നൃത്ത സംവിധാനം ചെയ്ത കുട്ടികളുടെ ഡാന്‍സ്, ഷാജി ജോണിന്റെ സംവിധാനത്തില്‍ അരങ്ങേറിയ ‘മുടിയന്‍’ എന്ന ലഘു നാടകം എന്നിവ മികച്ച അവതരണ ശൈലികൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. കോശി വൈദ്യനും സംഘവും അവതരിപ്പിച്ച ഉപകരണ സംഗീതം ഹൃദ്യമായ അനുഭവമായിരുന്നു.

അസോസിയേഷന്‍ സംഘടിപ്പിച്ച ചിത്രരചന, പെയിന്റിംഗ് , പ്രസംഗം, സ്‌പെല്ലിംഗ് ബീ എന്നീ മത്സരങ്ങളുടെ സമ്മാനദാനം ഹരിദാസ് തങ്കപ്പന്‍, സോണിയ തോമസ് പ്രസിഡന്റ് ബാബു മാത്യു സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ ചേര്‍ന്ന് തദവസരത്തില്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് ലിന്‍സി തോമസിന്റെ നേതൃത്വത്തില്‍ ഫാഷന്‍ ഷോ അരങ്ങേറി. മറ്റു ഫാഷന്‍ ഷോകളില്‍ നിന്നും വ്യത്യസ്തമായി കൗമാരക്കാര്‍ ഷോയില്‍ പങ്കെടുത്തത് ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്.

സാന്റാക്ലോസിന്റെ അകമ്പടിയോടെയുള്ള കരോള്‍ ഗാനത്തോടെ കലാപരിപാടികള്‍ അവസാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാരെയും സദസ്സില്‍ സന്നിഹിതരായ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ മലയാളി സമൂഹത്തിനും സെക്രട്ടറി റോയി കൊടുവത്ത് നന്ദി രേഖപ്പെടുത്തി. കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍ട്ട് ഡയറക്ടര്‍ ജോണി ജോണി സെബാസ്റ്റ്യന്‍ ആയിരുന്നു ബെന്‍സി ബോബന്‍ , സിനി റോയി എന്നിവരായിരുന്നു എംസിമാര്‍.

Picture2

Picture3

Picture

Picture

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ