ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് ഗുലാം നബി ആസാദ്

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനെ പോലെ ബിജെപിക്കുമുണ്ട്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് കോഴിക്കോട് പറഞ്ഞു.

ഇന്നലെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊലപാതകവാര്‍ത്ത തന്നെ അസ്വസ്ഥനാക്കി. പൊലീസ് ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ഗവര്‍ണറുടെ പരാമര്‍ശം ഗൗരവതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തോട് കൂടുതല്‍ താല്‍പര്യമുള്ളതുകൊണ്ടാണ് ഗവര്‍ണര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചത്. അത് സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശനമല്ലെന്നും കടകംപള്ളി അവകാശപ്പെട്ടു.