BREAKING NEWS: സൂര്യ ടി.വിയില്‍ കൂട്ട പിരിച്ചുവിടല്‍

-സി.ടി. തങ്കച്ചന്‍-

കൊച്ചി: സൂര്യ ടി.വിയിലെ ന്യൂസ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. രണ്ടുവര്‍ഷമായി വാര്‍ത്താ ബുള്ളറ്റിനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ന്യൂസ് വിഭാഗത്തില്‍ അവശേഷിച്ച 13പേരെയാണ് ഇന്നത്തോടുകൂടി സേവനം മതിയാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കമ്പനി നടപടി ജീവനക്കാരെ അറിയിച്ചത്. അഞ്ചുമുതല്‍ 18 വര്‍ഷംവരെ ജോലി ചെയ്തിരുന്നവരെയാണ് മുന്നറിയിപ്പില്ലാതെ നക്കാപ്പിച്ച കാശ് നല്‍കി പിരിച്ചുവിടുന്നത്. കഴിഞ്ഞ് കുറേ ദിവസങ്ങളായി സൂര്യ ടി.വിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരവും നടത്തിയിരുന്നു. ബി.എം.എസിന്റെ നേതൃത്വത്തില്‍ യൂണിയന്‍ രൂപീകരിച്ചായിരുന്നു സമരം. സമരത്തില്‍ പങ്കെടുത്തവരെ മദ്രാസിലേക്കും ഹൈദരാബാദിലേക്കും ശിക്ഷാനടപടിയായി സ്ഥലംമാറ്റിയിരുന്നു.
തൊഴില്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് സൂര്യ ടി.വി ജീവനക്കാരോട് പെരുമാറിയിരുന്നത്. ശിവകാശിയിലെ പടക്ക കമ്പനികളിലേതിന് സമാനമായ തുച്ഛമായ ശമ്പളമാണ് പല ജീവനക്കാര്‍ക്ക് കാലകാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് മാനസികമായുള്ള പീഡനങ്ങള്‍ നിമിത്തം പലതവണ സൂര്യ ടി.വിക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇന്നുവരെ സൂര്യ ടി.വിയിലെ തൊഴില്‍മാത്രം ജീവിതമാര്‍ഗ്ഗമായി കണ്ടവരെയാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ വഴിയാധാരമാക്കിയിരിക്കുന്നത്.