മന്ത്രിയാകാനില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കില്ലെന്ന് ആര്‍സ്പി കോവൂര്‍ കുഞ്ഞുമോന്‍. മന്ത്രി സ്ഥാനം വേണമെന്നും എന്നാല്‍ എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍ അറിയിച്ചു. പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ട് കത്ത് കൊടുക്കും.

അതേസമയം കോവൂര്‍ കുഞ്ഞുമോന്റെ കാര്യത്തില്‍ എന്‍സിപിയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത് .കോവൂര്‍ കുഞ്ഞുമോന്‍ വരുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ല. അദ്ദേഹം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് മാണി സി.കാപ്പന്‍ പറഞ്ഞത്.

എന്നാല്‍, കോവൂര്‍ കുഞ്ഞുമോന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഊഹാപോഹമെന്നാണ് എകെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞത്. മന്ത്രിപദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ടതില്ല. പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പിള്ള വിഭാഗത്തെ എന്‍സിപിയില്‍ ലയിപ്പിച്ചു കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ ശ്രമിച്ചിരുന്നു. ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ എതിര്‍ത്തതോടെ നീക്കം നിര്‍ത്തിവെച്ചിരുന്നതാണ്. എന്നാല്‍ ആ നീക്കം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് കണ്ടതോടെയാണ് എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍, സലീം പി.മാത്യു എന്നിവര്‍ പവാറിനെ സമീപിച്ചത്.

കേസുകളില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പുറത്തുള്ള ഒരാളെ എന്‍സിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേഷിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാര്‍ നല്‍കിയെങ്കിലും കേരള നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു. ആര്‍.ബാലകൃഷ്ണപിള്ള നേരത്തേ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ അവര്‍ പവാറിനു കൈമാറി. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ എല്‍ഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. ഗണേഷിനു പകരം കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായം ചാണ്ടിക്കുണ്ടെങ്കിലും ശശീന്ദ്രനെക്കൂടി ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.