ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദാവോസ്: ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും മോദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സംരക്ഷണ വാദം എന്നിവയെക്കുറിച്ചുമാത്രമേ തനിക്കു സംസാരിക്കാനുള്ളൂവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിലെ പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനേ നമുക്കു കഴിയൂ. എന്നാല്‍ എത്ര രാജ്യങ്ങള്‍ അതിനു മുന്നോട്ടുവന്നിട്ടുണ്ടെന്നതാണു ചോദ്യം.

രണ്ടാമത്തെ ഭീഷണി ഭീകരവാദമാണ്. നല്ല ഭീകരവാദമെന്നും ചീത്ത ഭീകരവാദമെന്നും പറയുന്നതാണ് ഏറ്റവും വലിയ ഭീഷണി. വിദ്യാഭ്യാസമുള്ള, മികച്ചനിലയില്‍ ജീവിക്കുന്ന യുവത്വം പോലും വഴിതെറ്റിപ്പോകുകയാണ്. മൂന്നാമത്തെ വെല്ലുവിളിയെന്നതു സംരക്ഷണ വാദമാണ്. ആഗോളവല്‍ക്കരണത്തിന് അതിന്റെ പ്രതാപം പതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആഗോളവത്കരണത്തിനു വിരുദ്ധമായി രാജ്യങ്ങള്‍ സംരക്ഷണവാദമാണ് ഉയര്‍ത്തുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.