സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി ദുബായ് തട്ടിപ്പുകേസ്; പാര്‍ട്ടി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തിയില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി ദുബായ് തട്ടിപ്പുകേസ് വിവാദത്തില്‍. എന്നാല്‍ ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ലെന്ന വിലയിരുത്തലില്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ലെന്നാണ് നിലപാട്. പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കുന്നു. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെയാണ് നേതാവിന്റെ മകനെ പ്രതിക്കൂട്ടിലാക്കി കോടികളുടെ തട്ടിപ്പുകേസ് പുറത്തുവരുന്നത്. കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെങ്കിലും പല ആരോപണ പ്രത്യാരോപണങ്ങളാല്‍ കലുഷിതമായ അന്തരീക്ഷത്തില്‍ നേതൃത്വം കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും.

ദുബായിലാണ് പതിമൂന്നുകോടിയുടെ പണം തട്ടിപ്പുകേസ്. ടൂറിസംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയതായും പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മകന്റെ നടപടിയെക്കുറിച്ച് നേതാവിനെ ചില ഇടനിലക്കാര്‍ അറിയിച്ചിരുന്നു. ചര്‍ച്ചകളില്‍ പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതാണ് പാളിയത്. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തുവത്രെ. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ്.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണു പരാതി. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍!കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ. കമ്പനിയുടമകള്‍ സിപിഎം നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മേയ് 16നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി.

തട്ടിപ്പുകേസില്‍ പെട്ടത് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് ആണെന്ന് കെ.സുരേന്ദ്രന്‍

സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ തട്ടിപ്പുകേസിൽ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ദുബായിൽ 13 കോടിയുടെ തട്ടിപ്പുകേസില്‍ പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത മകന്‍ ബിനോയ് ആണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കോടിയേരിയും പിണറായിയും ഇക്കാര്യത്തില്‍ മൗനം വെടിയണം. കോടിയേരിയുടെ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. വിഷയത്തിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പരസ്യമായി പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണെന്ന് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ തട്ടിപ്പു കേസ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണ്. അടിയന്തര നടപടി ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും നടപടി വേണം. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സിപിഐഎം എത്തി നിൽക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാർട്ടി പ്ലീനം അംഗീകരിച്ച നയരേഖ സംസ്ഥാന സെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നത് എന്തുകൊണ്ട്? സീതാറാം യച്ചൂരി ഇക്കാര്യത്തിൽ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാൻ തയാറാവണം. കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.