ട്രംപ് അത്ര നീച്ചനൊന്നുമല്ല; എച്ച്-1ബി വിസ അനുവദിക്കുന്നത് വര്‍ധിപ്പിക്കാൻ ബില്‍ ,നമുക്ക് നേട്ടമല്ലേ?

വാഷിങ്ടണ്‍: അമേരിക്കയില്‍ എച്ച്-1ബി വാര്‍ഷിക വിസ നിയന്ത്രണം കുറയ്ക്കാനുള്ള ബില്‍ അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ഒറിന്‍ ഹാജ്ജ്, ജെഫ് ഫ്‌ളേയ്ക്ക് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതാണ് ബില്‍.

എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളിക്കും ആശ്രിത മക്കള്‍ക്കും ജോലി ചെയ്യാനുള്ള അംഗീകാരം, വിസ ഉടമകള്‍ക്ക് നിയമാംഗീകാരം നഷ്ടപ്പെടാതെ ജോലി മാറാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബില്‍.

ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ട് മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളും യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സും രംഗത്തെത്തി.

ആഗോള മാര്‍ക്കറ്റില്‍ മത്സരാധിഷ്ടിത സമ്പദ് വ്യവസ്ഥയെ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് സെനറ്റര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ ബില്‍ വരുന്നതോടെ കമ്പനികളുടെ ആവശ്യത്തിനനുസരിച്ച് വിസകള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,10,000 വിസ അധികമായി അനുവദിക്കും. അത്രയും ഒഴിവുകളുണ്ടെന്നാണ് കണക്കുകള്‍.