അമല പോളിന്റെ മൊഴി വിശ്വാസയോഗ്യമല്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോളിന്റെ മൊഴി വിശ്വാസയോഗ്യമില്ലെന്ന് ക്രൈംബ്രാഞ്ച്.

നെടുമ്പാശേരിയില്‍ രണ്ടാമത് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. പുതുച്ചേരിയില്‍ വാടക വീടുണ്ടെന്ന മൊഴി ആവര്‍ത്തിച്ചെങ്കിലും അമല രേഖകളൊന്നും ഹാജരാക്കിയില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അമല 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഈ മാസം 15നാണ് അമലയെ ആദ്യം ചോദ്യം ചെയ്തത്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന കാര്യം നടി അമലപോള്‍ നിഷേധിച്ചിരുന്നു. പോണ്ടിച്ചേരിയിലെ വാടക വീട്ടില്‍ താമസിച്ചപ്പോഴാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്ന നിലപാടിലാണ് അമല പോള്‍ ഉറച്ചു നിന്നത്. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലും ഇക്കാര്യമാണ് അമലപോള്‍ പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വസനീയമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.