സ്മരണ: ഷോര്‍ട്ട് ഫിലിം, സംവിധാനം: അംബികാ റാവു

നസ്രാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരു സ്ത്രീയെ നോക്കി മമ്മൂട്ടി പാടി ‘ അംബികാ റാവു തന്റെ വില്ലുടച്ചു’… അപ്പോഴാണ് നീളം കുറഞ്ഞ ആ യുവതിയെ കുറിച്ച് അന്വേഷിച്ചത്. പേര്: അംബികാ റാവു. നായിക വിമലാരാമന് മലയാളം പഠിപ്പിച്ച് കൊടുക്കുകയാണ്. വിമലാരാമന് മാത്രമല്ല മലയാളത്തിലേക്ക് വരുന്ന മിക്ക അന്യഭാഷാ നടിമാര്‍ക്കും നടന്‍മാര്‍ക്കും മലയാളം മനസിലാക്കി കൊടുക്കുന്നത് അംബികാ റാവു എന്ന അസിസ്റ്റന്റ് ഡയറക്ടറാണ്. ഭാഷ അംബികയ്ക്ക് ഒരു വരദാനമാണ്. മറാത്തിയായ അച്ഛന്‍ തമിഴ്‌നാട്ടിലാണ് വളര്‍ന്നത്. അമ്മ മലയാളിയാണ്. വര്‍ഷങ്ങളായി അംബിക ബാംഗ്ലൂരിലാണ്. അതുകൊണ്ട് മറാത്തി, തമിഴ്, മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകള്‍ അനര്‍ഗള നിര്‍ഗളമായി അമ്മാനമാടും. ഇപ്പോള്‍ സ്വന്തമായി ഒരു ഷോര്‍ട് ഫിലിം സംവിധാനം ചെയ്തു. സ്മരണ. യുട്യൂബില്‍ റിലീസ് ചെയ്യും.
ബാംഗ്ലൂരുവിലെ ഒരു പ്രമുഖ കമ്പനിയില്‍ എക്‌സ്‌ക്യൂട്ടീവ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന അംബികയ്ക്ക് പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടറാവണമെന്ന് തോന്നി. സിനിമ കാണുമെന്നല്ലാതെ യാതൊരു ധാരണയുമില്ലായിരുന്നു. അങ്ങനെ രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഒരു ടി.വി പ്രൊഡക്ഷനില്‍ സഹകരിച്ചു. അവിടെ വെച്ച് ബാലചന്ദ്രമേനോനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ കൃഷ്ണാ ഗോപാലകൃഷ്ണ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ ( എ.ഡി) അവസരം ലഭിച്ചു. തുടര്‍ന്ന് കുറേ സിനിമകളില്‍ എ.ഡിയായി. അതിനിടെ ചിലര്‍ അംബികയിലെ അഭിനേത്രിയെ കണ്ടെത്തി. മീശമാധവനില്‍ ദിലീപ് കിണ്ടി മോഷ്ടിക്കുന്നത് അംബികയുടെ വീട്ടില്‍ നിന്നാണ്. ചെറുതാണെങ്കിലും ആരും ശ്രദ്ധിക്കുന്ന വേഷം. ഏറ്റവും അവസാനം ചന്ദ്രേട്ടന്‍ എവിടെയാ.. എന്ന സിനിമയില്‍ ദിലീപിന് വാട്‌സാപ്പ് മെസേജ് വരുമ്പോ തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ നോക്കി വൈഫാന്ന് പറയുന്നുണ്ട്. ആരുടെ വൈഫാന്ന് ആ സ്ത്രീ ചോദിക്കുന്നു. അത് അംബികയാണ്.
അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കുന്നതിനിടെ ആരോ അംബികയുടെ ഭാഷാ വൈദഗ്ധ്യം കണ്ടെത്തി. അങ്ങനെയാണ് വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ തരുണി എന്ന കൊച്ചുകുട്ടിയെ മലയാളം പഠിപ്പിക്കാന്‍ അംബിക തയ്യാറായത്. പിന്നീട് തെന്നിന്ത്യയിലെ ഏതാണ്ട് മിക്ക നായികമാരും അംബികാ റാവുവിന്റെ സഹായം തേടി. അപ്പോഴും സിനിമ ചെയ്യുക എന്ന സ്വപ്‌നം ബാക്കിയായി. അങ്ങനെയാണ് അംബിക രണ്ട് തിരക്കഥകള്‍ എഴുതിയത്. പലരെയും സമീപിച്ചെങ്കിലും കോംപ്രമൈസിന് തയ്യാറല്ലായിരുന്നു. കാത്തിരുന്നു. ദ്രാവിഡ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെടുന്നത്. അവര്‍ നിര്‍മാണച്ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. സുഹൃത്തുക്കളും പരിചയക്കാരുമാണ് ‘സ്മരണ’ എന്ന ഷോര്‍ട്ഫിലിമില്‍ അഭിനയിച്ചത്. ഒരിക്കല്‍ പരിചയപ്പെട്ട ബസ് ഡ്രൈവര്‍ വരെ അഭിനയിച്ചിട്ടുണ്ട്. ‘ എന്നും കാണുന്ന, സംസാരിക്കുന്ന ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തതറിഞ്ഞ് മറ്റ് സുഹൃത്തുക്കള്‍ ഞെട്ടുന്നു. ഇന്നത്തെ സൗഹൃദം ഇങ്ങിനെയാണ്. ഇതിനെ ആധാരമാക്കിയാണ് സ്മരണ ഒരുക്കിയതെന്ന്’ അംബികാ റാവു പറഞ്ഞു.