ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രൻ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതു താല്‍പര്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. പരാതിയില്ലെന്ന യുവതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക നേരത്തെ കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മന്ത്രി ഔദ്യോഗിക വസതിയില്‍ വെച്ച് അപമര്യാദയായി ആരും പെരുമാറിയിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ശബ്ദ ശകലത്തിലുള്ളത് ശശീന്ദ്രന്റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനെതിരെ തെളിവില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.