സനുഷയെ ആക്രമിക്കാന്‍ ശ്രമിച്ചതല്ല;”പഞ്ചാര” ലെവൽ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്ന് പ്രതി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി. യാത്രക്കിടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ തട്ടുകയായിരുന്നു എന്നാണ് പ്രതി തമിഴ്‌നാട് സ്വദേശി ആന്റോ ബോസിന്റെ വാദം. താന്‍ മനപ്പൂര്‍വമല്ല നടിയെ സ്പര്‍ശിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സനുഷയ്‌ക്കെതിരെ ആക്രമണമുണ്ടായത്. അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സനുഷയുടെ പരാതി.

വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പൊലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് സനുഷ പറഞ്ഞത് ഇങ്ങനെ:

ഞാന്‍ ഉറങ്ങുകയായിരുന്നു. ബെര്‍ത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി’. ‘എനിക്കുണ്ടായ ഈ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഞാന്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കില്‍ നിരവധി പേര്‍ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി.

നമുക്കൊരു പ്രശ്‌നം ഉണ്ടായാല്‍ ആരെങ്കിലും ഒരാള്‍ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകര്‍ന്നത്. ഒരാള്‍ നമ്മുടെ ശരീരത്തില്‍ അനുമതി ഇല്ലാതെ സ്പര്‍ശിച്ചാല്‍ തീര്‍ച്ചയായും പ്രതികരിക്കണം. എന്റെ വീട്ടില്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോള്‍ എനിക്കുണ്ടായ സംഭവത്തില്‍ നിയമപരമായി മുന്നോട്ടു പോകും.