33 C
Kochi
Saturday, April 27, 2024
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

Web Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നാലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ കൈപ്പറ്റി. ചികിത്സാ ചെലവിനത്തില്‍ 4, 25,594 രൂപ സ്പീക്കര്‍ കൈപ്പറ്റിയെന്ന് ആര്‍ടിഐ രേഖ തെളിയിക്കുന്നു. ലെൻസിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്‌ക്ക് വേണ്ടി വൻതുക കൈപ്പറ്റിയതും വിവാദമായിരുന്നു.

ഇതിന് പുറമെ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു. എന്നാൽ ഇത് എന്തിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകൾ നിയമസഭയിലെ കണക്കുകളിൽ ലഭ്യമല്ലെന്നാണ് വിവരം.

അതേസമയം കണ്ണട വാങ്ങിയത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പത്താം വയസ്സില്‍ പൊതുപ്രവര്‍കത്തനരംഗത്തെത്തിയ ആളാണ് താന്‍. ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. തന്നെ അറിയാവുന്നവര്‍ക്ക് ഇത് വ്യക്തമായി അറിയാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ചെലവിലെ ധൂര്‍ത്തും, അനാവശ്യ ചെലവുകളും കുറയ്ക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്പീക്കറുടെ കണ്ണടയുടെ വില വിവരം പുറത്ത് വന്നത്. നേരത്തെ  28,800 രൂപയുടെ കണ്ണട വാങ്ങി ആരോഗ്യ മന്ത്രി കെ.കെ ശൈലജയും വിവാദത്തിലായിരുന്നു. ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.