ഓസീസിനെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയ കിരീടം. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 216 റണ്‍സെടുത്ത ഓസ്‌ട്രേലിയക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മഞ്ചോട്ട് കര്‍ളയുടെ സെഞ്ച്വറിയാണ് തുണയായത്.

അണ്ടര്‍ 19 ല്‍ ഇന്ത്യയുടെ നാലാം കിരീടമാണിത്. 2000, 2008, 2012 വര്‍ഷങ്ങളിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. അണ്ടര്‍19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ ഓസീസ് കളഞ്ഞത്.

41.3 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് തകര്‍ച്ചയിലേക്ക് വീണു. ഓസീസിന്റെ വാലറ്റത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോ മാത്രമാണ് പിടിച്ചുനിന്നത്.

32 റണ്‍സെടുക്കുന്നതിനിടയില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബ്രയന്റിനെ പൊറെല്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ 28 റണ്‍സുമായി എഡ്വാര്‍ഡും 13 റണ്‍സെടുത്ത സാംഗയും ക്രീസ് വിട്ടു. ഉപ്പല്‍ 34 റണ്‍സിന് പുറത്തായപ്പോള്‍ അഞ്ചു റണ്‍സായിരുന്നു സതര്‍ലന്‍ഡിന്റെ സമ്പാദ്യം. ഹോള്‍ട്ട് 13 റണ്‍സിന് പുറത്തായപ്പോള്‍ ഇവാന്‍സിനും ഹാള്‍ഡിക്കും രണ്ടക്കം കടക്കാനായില്ല.

ടൂര്‍ണമെന്റില്‍ പരാജയമറിയാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഓസീസിനെ 100 റണ്‍സിന് പരാജയപ്പെടുത്തി തുടക്കമിട്ട ഇന്ത്യ പാപുവ ന്യൂഗിനിക്കെതിരെ പത്ത് വിക്കറ്റ് വിജയം നേടി. സിംബാബ്വെയും പത്ത് വിക്കറ്റിന് തോല്‍പ്പിച്ച പൃഥ്വി ഷായും സംഘവും ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ 131 റണ്‍സിന് തോല്‍പ്പിച്ചു.പിന്നീട് പാക്കിസ്ഥാനെതിരെ 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ സെമിവിജയം.

നേരത്തെ വിരാട് കൊഹ്ലി, മുഹമ്മദ് കൈഫ്, ഉന്മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മുമ്പ് കിരീടം നേടിയിരുന്നു.