ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 177 പന്ത് ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റ് വിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാക്കിയായത് 177 പന്തുകള്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ ബാക്കിയായ 17.4 ഓവറുകള്‍ കൂടി പരിഗണിച്ചാല്‍, ഇന്ത്യയുടെ മിടുക്കു മൂലം ഈ മല്‍സരത്തില്‍ എറിയാതെ പോയത് 47.1 ഓവര്‍. അതായത് 283 പന്തുകള്‍..

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118ന് പുറത്ത്, ഇന്ത്യ 20.3 ഓവറില്‍ ഒന്നിന് 119

കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച യുസ്വേന്ദ്ര ചാഹല്‍ ബോളിങ്ങിലും 24ാം അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പുറത്താകാതെ 51) ബാറ്റിങ്ങിലും മുന്നില്‍നിന്ന് നയിച്ചതോടെയാണ് ഇന്ത്യ അനായാസം ജയത്തിലെത്തിയത്. ഇതോടെ ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20ന് മുന്നിലെത്തി.

പരമ്പരയിലെ മൂന്നാം മല്‍സരം ബുധനാഴ്ച നടക്കും. അതിനിടെ, ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണ്ടപ്പോള്‍ ലഞ്ചിന് പിരിയാന്‍ നിര്‍ദ്ദേശിച്ച അംപയറിന്റെ തീരുമാനവും മല്‍സരത്തിനിടയിലെ കൗതുകമായി. ഇത് ഇരു ടീമുകളുടെയും വിമര്‍ശനത്തിനും കാരണമായി. ലഞ്ചിനു ശേഷം തിരിച്ചെത്തിയ ധവാനും കോഹ്‌ലിയും ഒന്‍പതു പന്തുകള്‍ക്കുള്ളില്‍ത്തന്നെ മല്‍സരം പൂര്‍ത്തിയാക്കുകയും ചെയ്തു.