വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് കളക്ടര്‍ അടിയന്തര സഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.

രണ്ട് ദിവസം മുമ്പാണ് രാജമ്മയെ രണ്ട് റോട്ട്‌വീലര്‍ ഇനത്തില്‍ പെട്ട നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. അയല്‍വാസിയായ കാരിക്കല്‍ ജോസ് എന്നയാളുടെ വളര്‍ത്തുനായ്ക്കളാണ് ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ സഹായത്തിനെത്തിയിട്ടും രക്ഷിക്കാനായില്ല.

തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു രാജമ്മ. ജോസിനെതിരെ നരഹത്യക്ക് വൈത്തിരി പൊലീസ് കേസെടുത്തിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാജമ്മ വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലായിരുന്നു മക്കളോടൊപ്പം താമസം. ഭര്‍ത്താവ് ബല്‍രാജ് നേരത്തേ മരിച്ചിരുന്നു.