ചരിത്ര സന്ദര്‍ശനത്തില്‍ മോദി

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം. ശനിയാഴ്ച പലസ്തീനിലാണ് മോദി ആദ്യമെത്തുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം.

റാമല്ലയില്‍ എത്തുന്ന അദ്ദേഹം വൈകിട്ട് യുഎഇയിലേക്കു തിരിക്കും. ഒമാനിലേക്കും ആദ്യമായാണ് മോദി സന്ദര്‍ശനം നടത്തുന്നത്. പലസ്തീനിലെയും യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദര്‍ശനം നടത്തുന്നത്.

ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി നല്‍കിയിട്ടുണ്ട്. ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും യുഎഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.