കലികാലത്ത് ദൈവത്തിനും ഇൻഷ്വറൻസ്

റോയ് മാത്യു

പണ്ട് ഭഗവാനെന്തിന് പാറാവ് എന്ന് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ചോദിച്ചതിന്റെ പേരിൽ കുറെ വിശ്വാസികളും മലയാള മനോരമ പത്രവും സർവത്ര പുകിലുണ്ടാക്കി. ഏറ്റുമാന്നൂർ ക്ഷേത്രത്തിൽ മോഷണം നടന്ന കാലത്താണ് അന്നത്തെ മുഖ്യമന്ത്രി ഈ ചോദ്യം ഉന്നയിച്ചത് – എല്ലാവരേയും രക്ഷിക്കാനിരിക്കുന്ന ദൈവത്തിന് സ്വയം രക്ഷിക്കാനാവില്ലേ എന്നായിരുന്നു നായനാരുടെ ചോദ്യം – ആ ചോദ്യം ഒരിക്കൽ കൂടി ചോദിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.

ക്ഷേത്ര ദർശനത്തിന് എത്തുന്ന വിശ്വാസികൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. ബോർഡിന്റെ കീഴിലുള്ള 403 ക്ഷേത്രങ്ങളിലും ദിനേന എത്തുന്ന വിശ്വാസികൾക്ക് ഇൻഷ്വറൻസ് ആനകൂല്യങ്ങൾ കിട്ടും. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പിനി മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത് – അപകട മരണത്തിന് ഒരു ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് അരലക്ഷം രൂപയും ലഭിക്കും.
എല്ലാ ദുഃഖങ്ങൾക്കും ആശ്വാസം തേടി എത്തുന്ന ദൈവസന്നിധിയിൽ പോലും ഭക്തന് ആശ്വാസം ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പിനി ആണെങ്കിൽ ക്ഷേത്രാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എന്ത് പ്രസക്തി . ശയന പ്രദക്ഷണം വയ്ക്കുമ്പോൾ ശരീരം മുറിഞ്ഞാൽ കമ്പിനി കാശു കൊടുക്കേണ്ടി വരുമെന്നർത്ഥം –
ദൈവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുന്ന ആഗോള വൽക്കരണത്തിന്നും ഉദാരവൽക്കരണത്തിനുമെതിരെ സനാതന ഹിന്ദുക്കൾക്ക് ഒന്നും പറയാനില്ലേ? ആപത് ബാന്ധവന്മാരായ ദൈവങ്ങളുടെ സന്നിധി യിലുണ്ടാകുന്ന ആപത്തിനും ഇൻഷ്വറൻസ് ഏർപ്പെടുത്തിയാ പിന്നെ എന്തോന്ന് ദേവനും ദേവിയും. – ദൈവങ്ങൾക്ക് ഒരു ശക്തിയുമില്ലെന്ന് വന്നാ ദേവസ്വം ക്ഷേത്രങ്ങൾ പൂട്ടിപ്പോവില്ലേ?

അത്ഭുത രോഗശാന്തി, വിശുദ്ധന്മാരുടെ പുണ്യവിളയാട്ടങ്ങൾ ഒക്കെ നടത്തി ക്രിസ്ത്യാനികളായ വട്ടായിലച്ചൻ, സെന്റ് ജോർജ് പുണ്യാളൻ, ചാവറയച്ചൻ, അൽഫോൺസാമ്മ , ജോസഫ്താരു, തുടങ്ങിയ സകലമാന ഉഡായിപ്പുകളും പത്ത് പുത്തനുണ്ടാക്കുമ്പോഴാണ് ക്ഷേത്രസന്നിധിയിൽ വന്ന് ആപത്തിൽ പ്പെടുന്നവർക്ക് ദേവസ്വം ബോർഡ് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്. അത്ഭുത രോഗശാന്തിക്കും ധ്യാനത്തിനും പോയി ഒന്നും സംഭവിച്ചില്ലെങ്കിലും ആർക്കും ഒരു പരാതിയുമില്ല. സകല ധ്യാനകേന്ദ്രങ്ങളിലും എന്തെല്ലാം ആപത്തുണ്ടായിട്ടും ഒരു ഇൻഷ്വറൻസ്യം ഒരു പുണ്ണാക്കു മില്ല – അത്ഭുത രോഗ ശാന്തി ക്കച്ചവടം സഭ പൊടിപൊടിക്കുന്നതിനിടയിലാണ് കർദിനാൾ ആൻജിയോ പ്ലാസ്റ്റി നടത്തിയത്.
പള്ളി വേറെ, കച്ചവടം വേറെ –
ദേവസ്വം ബോർഡ്‌ കാര് ഇതൊന്നും കാണുന്നില്ലേ?
ഇത് ഹിന്ദു ആചാരങ്ങളുടെ മേലുള്ള കടന്നു കേറ്റമല്ലേ? കുമ്മനം ജിക്ക് ഒന്നും പറയാനില്ലേ?
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവി ദേവന്മാരെ പരിഹസിക്കുന്ന ഏർപ്പാടല്ലേ ഇൻഷ്വറൻസ് കമ്പിനി നടത്തുന്നത് –
കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ – എന്ന് വിശ്വാസം തന്നെ ഇല്ലാതാക്കുന്നതല്ലേ കൊച്ചിൻ ദേവസ്വം ബോർഡിന്റേത്….